കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് സ്വദേശിയായ തങ്കരാജ് ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
കഴിഞ്ഞ മാസം 24 ന് രാത്രിയാണ് അപകടം നടന്നത്. ആ സമയത്ത് മദ്യലഹരിയിലായിരുന്ന സിദ്ധാർത്ഥ് പ്രഭുവിനെ അപകടത്തിന് പിന്നാലെ നാട്ടുകാർ തടഞ്ഞിരുന്നു . സംഭവത്തിൽ തങ്കരാജിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു.
എംസി റോഡിലെ നാട്ടകം ഗവൺമെന്റ് കോളേജിന് സമീപമാണ് അപകടം നടന്നത്. അപകടത്തിന്റെ ആഘാതത്തിൽ തങ്കരാജ് തെറിച്ച് റോഡിലേയ്ക്ക് വീണിരുന്നു . തടഞ്ഞ നാട്ടുകാരെയും സിദ്ധാർത്ഥ് അസഭ്യം പറഞ്ഞു. തുടർന്ന് സംഘർഷമുണ്ടായി. പിന്നീട്, ചിങ്ങവനം പോലീസ് എത്തി നടനെ കസ്റ്റഡിയിലെടുത്ത് ജാമ്യത്തിൽ വിട്ടു. കൂടുതൽ വകുപ്പുകൾ ചുമത്തി സിദ്ധാർത്ഥിനെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

