ബെംഗളൂരു : വാൽമീകി പ്രതിമ അനാച്ഛാദന പരിപാടിക്ക് മുന്നോടിയായി കോൺഗ്രസ് പ്രവർത്തകർ ബാനർ സ്ഥാപിക്കാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കർണാടകയിലെ ബല്ലാരി ജില്ലയിലാണ് സംഭവം. സ്ഥലത്ത് സംഘർഷാവസ്ഥ രൂക്ഷമാണ്. കല്യാണ രാജ്യ പ്രഗതി പക്ഷ (കെആർപിപി) എംഎൽഎ ജനാർദന റെഡ്ഡിയുടെയും കോൺഗ്രസ് എംഎൽഎ ഭരത് റെഡ്ഡിയുടെയും അനുയായികൾ പരസ്പരം ആക്രമിച്ചതാണെന്ന് നാട്ടുകാർ പറഞ്ഞു.
ഭരത് റെഡ്ഡിയുടെ ചില അനുയായികൾ ജനാർദന റെഡ്ഡിയുടെ വീടിന് മുന്നിൽ ബാനറുകൾ സ്ഥാപിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ജനാർദന റെഡ്ഡിയുടെ അനുയായികൾ എതിർപ്പ് പ്രകടിപ്പിച്ചു. ഇത് ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ തർക്കത്തിലേക്ക് നയിച്ചു. ഇരുവിഭാഗവും പരസ്പരം കല്ലെറിഞ്ഞതോടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
“നഗരത്തിന്റെ മറ്റ് ഭാഗങ്ങളിലെന്നപോലെ പൊതുനിരത്തുകളിലും ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്. വാൽമീകി സമുദായ അനുയായികൾ ബാനറുകൾ സ്ഥാപിക്കുന്നത് തടയാൻ ഞങ്ങൾക്ക് കഴിയില്ല. ഈ പരിപാടിക്ക് പാർട്ടി പരിധികൾക്കപ്പുറം പിന്തുണയുണ്ട്. എന്നാൽ ബല്ലാരി സമാധാനപരമായി തുടരാൻ ചിലർ ആഗ്രഹിക്കുന്നില്ല, ഈ വാൽമീകി പരിപാടി നടക്കാൻ അവർ ആഗ്രഹിക്കുന്നില്ല, കാരണം തങ്ങൾ വാൽമീകി സമൂഹത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് അവർക്കറിയാം. ഇത് തികച്ചും രാഷ്ട്രീയമാണ്. മരണത്തിന്റെ ഉത്തരവാദിത്തം ജനാർദന റെഡ്ഡി ഏറ്റെടുക്കണം,” ഭരത് റെഡ്ഡി പറഞ്ഞു.
ജനാർദന റെഡ്ഡിയുടെ സഖ്യകക്ഷിയായ മുൻ മന്ത്രിയും ബിജെപി നേതാവുമായ ബി ശ്രീരാമുലുവും സ്ഥലത്ത് എത്തി. ജനാർദന റെഡ്ഡിയുടെ വീടിനടുത്താണ് സംഘർഷം നടന്നത്. പ്രദേശത്ത് ആളുകൾ കൂട്ടം ചേരുന്നത് പോലീസ് നിരോധിച്ചിട്ടുണ്ട്.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ നേരിയ ബലപ്രയോഗം നടത്തേണ്ടിവന്നുവെന്ന് പോലീസ് പറഞ്ഞു.

