തൃശൂർ: സഹോദരനൊപ്പം ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. തൃശൂർ കോടാലി കാവുങ്കൽ സ്വദേശി സിൽജോയുടെയും ജോൺസിയുടെയും ഇളയ മകൻ ആൽജോയാണ് മരിച്ചത്. സഹോദരൻ അനോജ് (10) പാമ്പിന്റെ കടിയേറ്റ് അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിലെ തലയിണയ്ക്കടിയിലാണ് പാമ്പിനെ കണ്ടെത്തിയത്.
ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ കുട്ടികൾക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ഉറങ്ങാൻ പോകുന്നതിനുമുമ്പ് അവോക്കാഡോ ജ്യൂസ് കുടിച്ചതിനാൽ ഉണ്ടായ ഭക്ഷ്യവിഷബാധയായിരിക്കാം ഇതെന്നാണ് മാതാപിതാക്കൾ ആദ്യം കരുതിയത് . കുട്ടികളെ ഉടൻ തന്നെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നടത്തിയ പരിശോധനയിൽ പാമ്പ് കടിച്ചതായി കണ്ടെത്തി. ശരീരത്തിൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങളും കണ്ടെത്തി.
അൽപ്പസമയത്തിനുള്ളിൽ ആൽജോ മരണപ്പെട്ടു . ഗുരുതരാവസ്ഥയിലായ അനോജിനെ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്, കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിൽ നടത്തിയ പരിശോധനയിൽ നാട്ടുകാരും ബന്ധുക്കളും തലയിണയ്ക്കടിയിൽ പാമ്പിനെ കണ്ടെത്തി. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പിനെ നാട്ടുകാർ തല്ലിക്കൊന്നു.

