തിരുവനന്തപുരം: എസ്ഡിപിഐ ഓഫീസുകളിൽ രാജ്യവ്യാപക റെയ്ഡ്. കേരളത്തിൽ തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓഫീസുകളിൽ ഇഡി റെയ്ഡ് നടത്തി.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എസ്ഡിപിഐയുടെ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി അറസ്റ്റിലായതിന് പിന്നാലെയാണ് പരിശോധന. മാർച്ച് 3 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഫൈസിയെ കസ്റ്റഡിയിലെടുത്തത് . തുടർന്ന് പട്യാല ഹൗസിലെ പ്രത്യേക കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ഇഡിക്ക് ആറ് ദിവസത്തെ കസ്റ്റഡി ചോദ്യം ചെയ്യലും അനുവദിച്ചു. 2009-ൽ എസ്ഡിപിഐയിൽ ചേരുന്നതിന് മുമ്പ് ഫൈസി തന്നെ മുൻ പിഎഫ്ഐ അംഗമായിരുന്നു
നിയമവിരുദ്ധമായ ഹവാല ചാനലുകൾ വഴി പോപ്പുലർ ഫ്രണ്ടിൽ നിന്ന് എസ്ഡിപിഐ 4.07 കോടി രൂപ സ്വീകരിച്ചതായും ഫണ്ട് രാജ്യവ്യാപകമായി പല യൂണിറ്റുകളിലേക്ക് ഒഴുക്കിയതായും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. ഏഴ് അംഗ ഇ.ഡി. സംഘം, ആയുധധാരികളായ കേന്ദ്ര സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം, സ്വകാര്യ വാഹനങ്ങളിൽ എത്തിയാണ് റെയ്ഡ് നടത്തിയത്.10 സംസ്ഥാനങ്ങളിലായി 14 സ്ഥലങ്ങളിൽ റെയ്ഡുകൾ നടക്കുന്നുണ്ട്.