തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾക്കെതിരെ ഉയര്‍ന്ന കള്ളപ്പണ ആരോപണങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കളക്ടറോട് റിപ്പോർട്ട് തേടി. കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിലടക്കം നടന്ന പരിശോധനയെ കുറിച്ചും, എന്താണ് സംഭവിച്ചതെന്നതിനെ കുറിച്ചുമാണ് പാലക്കാട് ജില്ലയുടെ തിരഞ്ഞെടുപ്പ് ചുമതലയുളള കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോൺഗ്രസ് നേതാക്കൾ താമസിച്ചിരുന്ന കെപിഎം ഹോട്ടലിൽ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്. രാത്രി 12 മണിയ്ക്കാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പൊലീസ് സംഘം പരിശോധന നടത്തി.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലിൽ പരിശോധന നടത്തിയതെന്ന് പോലീസ് പിന്നീട് അറിയിച്ചു. എന്നാൽ മുറികൾ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകി പിന്നീട് പോലീസ് മടങ്ങുകയായിരുന്നു. ഇതോടെ സംഭവം മൂന്ന് മുന്നണികളും രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.
സംഭവത്തിൽ കളക്ടറുടെ പ്രാഥമിക അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് വിവരം. കളക്ടറുടെ റിപ്പോർട്ട് ലഭിച്ച ശേഷം തിരഞ്ഞെടുപ്പ് കമ്മീഷൻ തുടർനടപടികൾ സ്വീകരിക്കും.