കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം. കണ്ണൂർ തളിപ്പറമ്പിലെ കരിപ്പയിൽ വെച്ചാണ് സംഭവം . വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു. രണ്ട് പരിപാടികളിൽ പങ്കെടുക്കാനാണ് മന്ത്രി കണ്ണൂരിലെത്തിയത്.
കണ്ണൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിലെ പരിപാടിയിൽ പങ്കെടുത്ത ശേഷം, കാസർകോടേയ്ക്ക് പോകുന്നതിന് മുൻപായി പുരാവസ്തു വകുപ്പുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കാനാണ് മന്ത്രി ജനീഷ് തളിപ്പറമ്പിലേക്ക് തിരിച്ചത്. ഈ യാത്രയ്ക്കിടെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ മന്ത്രിയുടെ കാർ തടഞ്ഞത്.
പത്തിലധികം പ്രവർത്തകർ വാഹനത്തിന് നേരെ പാഞ്ഞടുത്തു. പ്രവർത്തകർ കല്ലുകൊണ്ടും കൈകൊണ്ടും കാറിൽ അടിച്ചതായി വാഹനത്തിലുണ്ടായിരുന്നവർ പറഞ്ഞു. കാറിന് മുന്നിലുണ്ടായിരുന്ന കൊടിമരം ഒടിയുകയും റെയിൻ ഗാർഡിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി പ്രവർത്തകരെ അവിടെ നിന്ന് നീക്കം ചെയ്തു.
തുടർന്ന് മന്ത്രി അതേ കാറിൽ യാത്ര തുടർന്നു. തിരുവനന്തപുരത്ത് ഇന്നലെ ഉണ്ടായ സംഘർഷങ്ങൾക്ക് മന്ത്രി ഒ.ജെ. ജനീഷ്, ഷാഫി പറമ്പിൽ എംപി എന്നിവരാണ് ഉത്തരവാദികളെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പാളയം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപത്ത് നിന്ന് ആരംഭിച്ച എജി ഓഫീസ് മാർച്ചിലുണ്ടായ ചെറിയ സംഘർഷം പിന്നീട് വലിയ സംഘർഷമായി മാറുകയായിരുന്നു
തുടർന്ന് യൂത്ത് കോൺഗ്രസ് – എസ്എഫ്ഐ പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലായി ഇത് മാറി. യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ പ്രവേശിച്ച് പോലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. പോലീസ് നടപടിയിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.

