ഡബ്ലിൻ: വെള്ളപ്പൊക്കത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന പുതിയ എഐ സംവിധാനം ഈ ആഴ്ച ഡബ്ലിനിൽ നടപ്പിലാക്കും. ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നേതൃത്വത്തിലാണ് പുതിയ സംവിധാനം രൂപീകരിച്ചിരിക്കുന്നത്. കൗൺസിലിനും മറ്റ് അടിയന്തിര സേവനങ്ങൾക്കും പ്രതിരോധത്തിനായി നേരത്തെ തന്നെ തയ്യാറെടുക്കാൻ സഹായിക്കുന്നതാണ് പുതിയ സംവിധാനം.
ഇഎംആർ ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് ശേഖരിച്ച 10 വർഷത്തെ സെൻസർ ഡാറ്റകൾ ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. നദിയിലെ വെള്ളത്തിന്റെ അളവ്, മഴയുടെ തോത്, വേലിയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങൾ, മെറ്റ് ഐറാനിൽ നിന്നുള്ള വിവരങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എഐ സംവിധാനത്തിൽ നിന്നും ലഭിക്കുന്ന ഓരോ സിഗ്നലുകളും സന്ദേശങ്ങളും കൗൺസിൽ ഉദ്യോഗസ്ഥർ അവലോകനം ചെയ്യും. ഇതിനനുസരിച്ച് ആയിരിക്കും നടപടികൾ. പുതിയ സംവിധാനം മഴയെക്കുറിച്ചും പ്രളയത്തെക്കുറിച്ചും 13 മുതൽ 21 മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകുമെന്നാണ് റിപ്പോർട്ടുകൾ.

