തിരുവനന്തപുരം : പുതുവത്സര ദിനത്തിൽ തലസ്ഥാന നഗരിയിൽ മയക്കുമരുന്ന് വേട്ട. കണിയാപുരത്ത് നടന്ന മയക്കുമരുന്ന് വേട്ടയിൽ ഡോക്ടറും ബിഡിഎസ് വിദ്യാർത്ഥിയും ഉൾപ്പെടെ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കേകോട്ട അട്ടക്കുളങ്ങരയിലെ ഡോ. വിഘ്നേഷ് ദത്തൻ (34), കൊട്ടാരക്കര സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ ഹലീന (27), നെടുമങ്ങാട് മണ്ണൂർക്കോണം അസിം (29), കൊല്ലം ആയൂരിലെ അവിനാശ് (29), തൊളിക്കോട് സ്വദേശി അജിത് (30), പാലോട് സ്വദേശി അൻസിയ (37), കൊല്ലം ഇളമാട് സ്വദേശി ഹരീഷ് (29) എന്നിവരെയാണ് ആറ്റിങ്ങൽ, നെടുമങ്ങാട് റൂറൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.
കണിയാപുരം തോപ്പിൽ പ്രദേശത്തെ വാടക വീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അസിം, അജിത്ത്, അൻസിയ എന്നിവർ മുമ്പ് നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്. മൂവരും ബെംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നത്. പ്രൊഫഷണൽ വിദ്യാർത്ഥികൾക്കും ഡോക്ടർമാർക്കും ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. പ്രതികളിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ, ഒരു ഗ്രാം ഹൈബ്രിഡ് കഞ്ചാവ്, 100 ഗ്രാം സാധാരണ കഞ്ചാവ് എന്നിവ കണ്ടെടുത്തു.
പ്രതികളുടെ രണ്ട് കാറുകൾ, രണ്ട് ബൈക്കുകൾ, പത്ത് മൊബൈൽ ഫോണുകൾ എന്നിവയും പിടിച്ചെടുത്തു. പ്രതികളെ കഠിനംകുളം പോലീസിന് കൈമാറി. ഇന്നലെ രാത്രി കാറിൽ സഞ്ചരിക്കുകയായിരുന്ന അസിമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പോലീസ് ജീപ്പിൽ ഇടിച്ച ശേഷം അവർ രക്ഷപ്പെട്ടു. കൂടുതൽ അന്വേഷണത്തിൽ, കണിയാപുരം പ്രദേശത്തെ ഒരു വാടക വീട്ടിലാണ് ഇവർ താമസിക്കുന്നതെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് പോലീസ് വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു . സംഘത്തിൽ കൂടുതൽ പേരുണ്ടോ എന്ന് കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്.

