പാലക്കാട് ; നെന്മാറ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ . പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. 20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു. കേസ് “അപൂർവങ്ങളിൽ അപൂർവം” വിഭാഗത്തിൽ പെടുന്നതാണെന്നും , പ്രതിയ്ക്ക് മാനസാന്തരമുണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. പാലക്കാട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി-IV ജഡ്ജി കെന്നത്ത് ജോർജാണ് ശിക്ഷ വിധിച്ചത്.
പ്രതിഭാഗം ഉന്നയിച്ച എല്ലാ വാദങ്ങളും കോടതി തള്ളി. പ്രോസിക്യൂഷന്റെ കേസ് സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും കൊലപാതകങ്ങൾക്ക് ദൃക്സാക്ഷികളില്ലെന്നും നിരീക്ഷിച്ചെങ്കിലും, ശക്തമായ തെളിവുകൾ പലതും ചെന്താമരയ്ക്ക് എതിരായിരുന്നു. ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തയ്യാറാക്കിയ ലഘൂകരണ റിപ്പോർട്ട് കോടതിക്ക് ലഭിച്ചു. ചെന്താമരയെ മലമ്പുഴയിലെ ജില്ലാ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി സജിത ആണെന്ന് സംശയിച്ചായിരുന്നു കൊലപാതകം.സജിത കൊലക്കേസിൽ റിമാന്‍ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു.
സജിതയുടെ ഭർത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയുമാണ് ചെന്താമര രണ്ടാമത് കൊലപ്പെടുത്തിയത്. വാദത്തിനിടെ കോടതിയിൽ വച്ച് പോലും ചെന്താമര കൊലപാതക ഭീഷണി മുഴക്കിയിരുന്നു.

