കണ്ണൂർ: വൃദ്ധ ദമ്പതികളെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചിറക്കൽ ആലവിൽ പ്രേമരാജൻ (75), ഭാര്യ എ.കെ. ശ്രീലേഖ (69) എന്നിവരാണ് മരിച്ചത്. ശ്രീലേഖയെ കൊലപ്പെടുത്തിയ ശേഷം പ്രേമരാജൻ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഇന്നലെ വൈകുന്നേരമാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന് വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മരണം.
വൈകുന്നേരം വീട്ടിലെത്തിയ ഡ്രൈവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ മക്കൾ വിദേശത്ത് ജോലി ചെയ്യുകയാണ് . തുടർന്ന് വളപട്ടണം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയപ്പോൾ മൃതദേഹങ്ങൾക്ക് സമീപം ചുറ്റികയും കണ്ടെത്തി. ശ്രീലേഖയുടെ തലയുടെ പിൻഭാഗത്ത് മുറിവുണ്ടായിരുന്നു. ഇത് വീണപ്പോൾ സംഭവിച്ചതായിരിക്കാമെന്നാണ് പോലീസ് നിഗമനം.
മന്ത്രി എ.കെ. ശശീന്ദ്രന്റെ അനന്തരവളാണ് ശ്രീലേഖ. ദമ്പതികളുടെ മകൻ ഇന്നലെ വിദേശത്ത് നിന്ന് എത്തിയിരുന്നു. അതേസമയം, ഇരുവർക്കും സാമ്പത്തിക ബാധ്യതകളൊന്നുമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. മറ്റ് എന്തെങ്കിലും മാനസിക പ്രശ്നങ്ങളുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രേമരാജന്റെ മുഖം പൊള്ളലേറ്റിരുന്നു. ശ്രീലേഖയുടെ തലയുടെ പിൻഭാഗം ഒടിഞ്ഞതും മുറിയിൽ രക്തം കണ്ടതായും ഡ്രൈവർ പറഞ്ഞു.

