ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളിൽ തിരിച്ചുവരവ് നടത്തുന്നതിനിടെയാണ് കലാഭവൻ നവാസിന്റെ വേർപാട് . തന്റെ പുതിയ ചിത്രമായ പ്രകമ്പനത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയ നവാസിനെ റൂം ബോയിയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .ഉടൻ തന്നെ പോലീസിനെ അറിയിച്ചു. പോലീസ് എത്തി പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മൃതദേഹം ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.
പ്രകമ്പനം സിനിമയുടെ അവസാന ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷം ഹോട്ടൽ മുറി ഒഴിയാൻ വന്നതാണ് നവാസ് റിപ്പോർട്ട്. ഒരു ഇടവേളയ്ക്ക് ശേഷം നവാസ് സിനിമകളിൽ തിരിച്ചുവരവ് നടത്തുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിലും അദ്ദേഹം ശ്രദ്ധേയമായ ഒരു വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. നടൻ അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്നയാണ് ഭാര്യ.
സഹോദരൻ നിയാസ് ബക്കറും നടനാണ്. മിമിക്രി വേദിയിലൂടെയാണ് നവാസ് തന്റെ കരിയർ ആരംഭിച്ചത്. 1995 ൽ പുറത്തിറങ്ങിയ ചൈതന്യം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മിമിക്സ് ആക്ഷൻ 500, ഹിറ്റ്ലർ ബ്രദേഴ്സ്, ജൂനിയർ മന്ദ്രേക്ക്, മാട്ടുപ്പെട്ടി മച്ചാൻ, ചന്ദമാമ, തില്ലാന തില്ലാന തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. താരസംഘടനയായ അമ്മയുടെ അടുത്തിടെ നടന്ന ജനറൽ ബോഡി യോഗത്തിലും നവാസ് പങ്കെടുത്തിരുന്നു. നവാസിന്റെ പെട്ടെന്നുള്ള വിയോഗം സിനിമാ മേഖലയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

