കോട്ടയം ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലേയ്ക്ക് . തിരുവല്ലയിലും, തിരുവനന്തപുരത്തും നടക്കുന്ന പരിപാടികളിൽ മോദി പങ്കെടുക്കും. ദിവസങ്ങൾക്ക് മുൻപ് പാലക്കാടും, തൃശൂരും നടത്തുന്ന ബിജെപി പരിപാടിയിൽ പങ്കെടുക്കാനും മോദി കേരളത്തിൽ എത്തിയിരുന്നു.
നാളെ ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയിൽ എത്തുന്ന മോദി തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രവർത്തക സംഗമത്തെ മോദി അഭിസംബോധന ചെയ്യും.ആറന്മുള , ചെങ്ങന്നൂർ അടക്കമുള്ള 10 സമീപമണ്ഡലങ്ങളിലെ പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.
വൈകുന്നേരം നാലുമണിയോടെ തലസ്ഥാനത്ത് എത്തുന്ന മോദി കിള്ളിപ്പാലം മുതൽ കരമന വരെ 1.5 കിലോമീറ്റർ നീളുന്ന റോഡ് ഷോയിൽ പങ്കെടുക്കും. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ റോഡ് ഷോ കടന്നുപോകും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കും .
മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് വ്യോമസുരക്ഷാക്രമീകരണങ്ങളുമായി ഭാഗമായി ഹെലികോപ്റ്ററുകളും, ഡ്രോണുകളും പറത്തുന്നത് കലക്ടർ നിരോധിച്ചു. ചങ്ങനാശേരി പെരുന്ന എൻഎസ്എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക് വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ് എന്നിവയുടെ വ്യോമപരിധിയിലും ജില്ലയിലെ ഹെലിപ്പാഡുകളിലും ഏപ്രിൽ നാലിന് പുലർച്ചെ 12 മുതൽ 24 മണിക്കൂർവരെയാണ് നിയന്ത്രണം. മൈക്രോലൈറ്റ് എയർക്രാഫ്റ്റുകളും യുഎവികളും മറ്റ് ഉപകരണങ്ങളും പറത്തുന്നതിനും നിരോധനമുണ്ട്.

