കട്ടപ്പന : കട്ടപ്പനയിൽ നടക്കുന്ന സിപിഐ ഇടുക്കി ജില്ലാ സമ്മേളനത്തിൽ സിപിഎമ്മിനും, സംസ്ഥാന സർക്കാരിനുമെതിരെ വിമർശനം . പ്രവർത്തന റിപ്പോർട്ടിൽ കേരളത്തിൽ പിണറായിസം നടപ്പിലാക്കാൻ ശ്രമം നടക്കുന്നുണ്ടെന്നാണ് വിമർശനം.
സർക്കാരിന്റെ വികസന നേട്ടങ്ങൾ ഒരു വ്യക്തിയുടെ കഴിവുകൾ മൂലമാണെന്ന് വരുത്തിത്തീർക്കാൻ സിപിഎം സംഘടിത ശ്രമം നടത്തുകയാണ്. സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സിവിൽ സപ്ലൈസ്, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്ക് ഫണ്ട് നൽകുന്നതിൽ ധനമന്ത്രി പിശുക്ക് കാണിക്കുന്നുണ്ടെന്നും ജില്ലാ സെക്രട്ടറി കെ. സലിം കുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
സിപിഎം ഭരിക്കുന്ന വകുപ്പുകൾക്ക് ധനമന്ത്രി ഫണ്ട് വാരിക്കോരി വിതരണം ചെയ്യുന്നു. സിപിഐ വകുപ്പുകൾക്ക് നേരെ കണ്ണടയ്ക്കുന്ന സമീപനമാണിത്. ഒന്നാം പിണറായി സർക്കാരിനെ അപേക്ഷിച്ച് രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനം തൃപ്തികരമല്ല. ആശാ വർക്കർമാരുടെ വിഷയത്തിൽ സർക്കാരിന് ശരിയായ രീതിയിൽ ഇടപെടാൻ കഴിഞ്ഞിട്ടില്ല. ഇത് ജനങ്ങൾക്കിടയിൽ അതൃപ്തി സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
നവകേരള സദസ് ജനങ്ങൾക്ക് ഗുണം ചെയ്തില്ല. വനം വകുപ്പിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വനം മന്ത്രിക്ക് പോലും അറിയില്ല. മൃഗങ്ങളെക്കാൾ അപകടകാരിയായി വനം വകുപ്പ് മാറിയിരിക്കുന്നു. മലയോര മേഖലകളിൽ വ്യാപകമായ വന്യജീവി ആക്രമണങ്ങൾക്കെതിരെ വലിയ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നിട്ടും, വന്യജീവി ആക്രമണങ്ങൾ കുറയ്ക്കാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
സിപിഐ മുന്നണിയിലെ രണ്ടാം കക്ഷിയാണെങ്കിലും, കേരള കോൺഗ്രസിനെ രണ്ടാം സ്ഥാനത്തേക്ക് കൊണ്ടുവരാൻ സിപിഎം ശ്രമിക്കുന്നു. 2012 ൽ മുട്ടുകാട് എംഎം മണി സംസാരിച്ചത് സിപിഐ നശിപ്പിക്കേണ്ട പാർട്ടിയാണെന്നാണ്. ഇപ്പോഴും സിപിഐയെ നശിപ്പിക്കുക എന്നതാണ് സിപിഎമ്മിന്റെ ലക്ഷ്യം . സിപിഐയെ പ്രതിസ്ഥാനത്ത് നിർത്തി ജില്ലയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രചാരണങ്ങൾ സംഘടിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നു.
ബിജെപി എല്ലാ മേഖലകളിലും സ്വാധീനം ശക്തിപ്പെടുത്തുന്നതായും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി പളനിവേലിന്റെ മരണത്തെത്തുടർന്ന് പ്രതിനിധി സമ്മേളനം മാത്രമായി ചുരുങ്ങിയ ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.

