കണ്ണൂർ: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ബിഎൽഒ അനീഷിനെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി സൂചിപ്പിക്കുന്ന ഓഡിയോ സന്ദേശം പുറത്തുവിട്ട് കോൺഗ്രസ് . യുഡിഎഫ് ബൂത്ത് ലെവൽ ഏജന്റിനെ എസ്ഐആർ ഫോമുകൾ വിതരണം ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം തന്നെ ഭീഷണിപ്പെടുത്തിയതായി അനീഷ് തന്നെ വെളിപ്പെടുത്തുന്ന ഓഡിയോ സന്ദേശം ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജാണ് പുറത്ത് വിട്ടത്.
സിപിഎം നിയമിച്ച റഫീഖിന് പകരം മുൻ ബ്രാഞ്ച് സെക്രട്ടറി ചന്ദ്രൻ അനീഷിനൊപ്പം വീടുകളിൽ ഫോമുകൾ വിതരണം ചെയ്യാൻ പോയെന്ന് മാർട്ടിൻ ജോർജ് ആരോപിച്ചു. മറ്റൊരു ദിവസം ഡിവൈഎഫ്ഐ നേതാവ് പ്രമോദ് അനീഷിനൊപ്പം പോയെന്നും മാർട്ടിൻ ജോർജ് വ്യക്തമാക്കി. യുഡിഎഫ് ഏജന്റ് വൈശാഖ് തന്നോടൊപ്പം ഫോമുകൾ വിതരണം ചെയ്യാൻ വരരുതെന്ന് അനീഷ് പറയുന്നതിന്റെ ഓഡിയോ തെളിവുകളും ഡിസിസി പ്രസിഡന്റ് പുറത്തുവിട്ടു.
ഓഡിയോയിൽ, വൈശാഖിനോട് വരരുതെന്ന് അനീഷ് അഭ്യർത്ഥിക്കുന്നതും, അതിനുള്ള കാരണം പിന്നീട് പറയാമെന്നും പറയുന്നത് കേൾക്കാം. എട്ടുകുടുക്ക സ്വദേശിയും കുന്നരു എയുപി സ്കൂളിലെ പ്യൂണുമായ അനീഷ്, ജോലിഭാരം താങ്ങാൻ കഴിയുന്നില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ഞായറാഴ്ച രാവിലെ 11 മണിയോടെ കുടുംബം പള്ളിയിൽ നിന്ന് മടങ്ങിയെത്തിയപ്പോഴാണ് അനീഷിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

