തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാതെ സിപിഎം . ഇത് നാലാം തവണയാണ് ബിനീഷിന്റെ അംഗത്വം പുതുക്കുന്നതിനുള്ള അപേക്ഷ സിപിഎം സംസ്ഥാന നേതൃത്വം നിരസിക്കുന്നത് .
2001 മുതൽ 2020 വരെ ബിനീഷ് പാർട്ടി അംഗമായിരുന്നു. എന്നാൽ, 2020-ൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അംഗത്വം മരവിപ്പിച്ചു. പിന്നീട് 2023-ൽ കേസിൽ നിന്ന് അദ്ദേഹം കുറ്റവിമുക്തനാക്കപ്പെട്ടു. കുറ്റവിമുക്തനാക്കപ്പെട്ടതിനെത്തുടർന്ന്, ജില്ലാ സെക്രട്ടറി വഴി ബിനീഷ് അംഗത്വം പുതുക്കുന്നതിന് നാല് തവണ അപേക്ഷ നൽകിയെങ്കിലും സംസ്ഥാന നേതൃത്വം നാല് അപേക്ഷകളും നിരസിച്ചു.
പാർട്ടിയുടെ തിരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാൻ നടന്ന തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തിൽ, ബിനീഷ് ഇപ്പോഴും അംഗത്വത്തിന് പരിഗണിക്കപ്പെടാത്തത് എന്തുകൊണ്ടാണെന്ന് ചില അംഗങ്ങൾ ചോദ്യം ചെയ്തതായി റിപ്പോർട്ടുണ്ട്. കോടതി കുറ്റവിമുക്തനാക്കിയിട്ടും അംഗത്വം നൽകാത്തതാണ് ചർച്ചയാകുന്നത്. എന്നാൽ അത് മുഖവിലയ്ക്കെടുക്കാൻ നേതൃത്വം തയ്യാറായിട്ടില്ല.
2020-ൽ ബിനീഷ് അറസ്റ്റിലായ സമയത്ത്, കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു. വിവാദത്തെത്തുടർന്ന്, അദ്ദേഹം കുറച്ചുകാലത്തേക്ക് ആ സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നു. ബിനീഷിനെ പാർട്ടിയിലേക്ക് തിരികെ എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾക്ക് മറുപടിയായി, ‘ അത് അവിടുത്തെ പ്രാദേശിക വിഷയം ‘ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞത്.

