കാസർകോട്: പഹൽഗാം ഭീകരാക്രമണത്തിൽ സി.പി.എമ്മും കോൺഗ്രസും പാകിസ്ഥാൻ അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ .വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വികാസ് കേരള കൺവെൻഷനിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ.
പാകിസ്ഥാൻ ഭീകരർക്കെതിരെ സംസാരിക്കുന്നതിനെ ഇസ്ലാമോഫോബിയ എന്ന് മുദ്രകുത്തുന്നത് എങ്ങനെയാണ്. . ഈ വിഷയത്തിൽ ഇരു പാർട്ടികളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് അവരുടെ നിലപാടിൽ വ്യക്തമാകുന്നത് . പഹൽഗാം ഭീകരാക്രമണത്തിനെതിരെ ബിജെപി ശക്തമായ നിലപാടെടുത്തപ്പോൾ കോൺഗ്രസും സിപിഎമ്മും പാകിസ്ഥാൻ അനുകൂല സമീപനമാണ് സ്വീകരിച്ചത്.
ഇരുപാർട്ടികളുടെയും വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇത് തുറന്നുകാട്ടുന്നത്. ജനങ്ങളെ വഞ്ചിക്കുകയും കള്ളം പറയുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്. പ്രത്യയശാസ്ത്രം തകർന്നതോടെ സി.പി.എം കോൺഗ്രസിൻ്റെ മിനി പതിപ്പായി മാറി.സമ്പന്നരായ മുസ്ലീം പുരുഷന്മാരെ പ്രതിനിധീകരിക്കുന്ന സംഘടനയായി മുസ്ലീം ലീഗും മാറി . ഭിന്നതകൾ പരിഗണിക്കാതെ എല്ലാ ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക പാർട്ടി ബിജെപിയാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

