തിരുവനന്തപുരം : നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കെത്തിയ കണ്ണമ്മൂല വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിയെയും വഞ്ചിയൂരിലെ യു.ഡി.എഫ് ചെയർമാനെയും പ്രസ് ക്ലബ് സെക്രട്ടറിയെയും സി.പി.എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി.
കണ്ണമ്മൂല സ്വതന്ത്ര സ്ഥാനാർത്ഥിയും പ്രസ് ക്ലബ് മുൻ സെക്രട്ടറിയുമായ എം.രാധാകൃഷ്ണൻ, പ്രസ് ക്ലബ് സെക്രട്ടറി പി.ആർ.പ്രവീൺ, ഇലക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ.വിമൽ ജോസ് എന്നിവരെ സിപിഎം നേതാവും വഞ്ചിയൂർ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ വഞ്ചിയൂർ ബാബു, ഷാഹിൻ, അജിത് പ്രസാദ് എന്നിവർ ചേർന്ന് ക്രൂരമായി മർദിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെയാണ് സംഭവം. റിട്ടേണിംഗ് ഓഫീസറുടെ മുറിയുടെ മുന്നിലിട്ടായിരുന്നു മർദ്ദനം . രാധാകൃഷ്ണനെയും പ്രവീണിനെയും മുതുകിൽ ഇടിക്കുകയും ചവിട്ടുകയും തലയിൽ അടിക്കുകയും ചെയ്തു. രാധാകൃഷ്ണന്റെ പോക്കറ്റിലുണ്ടായിരുന്ന 4,000 രൂപയും പ്രവീണിന്റെ മൊബൈൽ ഫോണും നഷ്ടപ്പെട്ടു. സ്ഥലത്തുണ്ടായിരുന്ന എ.കെ.നിസാറിനും മർദ്ദനമേറ്റു. വഞ്ചിയൂർ ബാബുവിനെതിരെ സ്ഥാനാർത്ഥിയെ നിറുത്തുമോ എന്നു ചോദിച്ചാണ് മർദ്ദിച്ചതെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ഗിരീഷ് കുമാർ പറഞ്ഞു.
വഞ്ചിയൂർ,കണ്ണമ്മൂല വാർഡുകളിൽ സി.പി.എം തോൽക്കുമെന്നും വഞ്ചിയൂർ ബാബുവും മകളും മാറി മാറി മത്സരിക്കുകയാണെന്നും ഓൺലൈൻ മാദ്ധ്യമത്തിൽ വാർത്ത വന്നതിന്റെ ഉത്തരവാദിത്വം ആരോപിച്ചായിരുന്നു പ്രവീണിനെ മർദ്ദിച്ചത്. പിടിച്ചുമാറ്റാനെത്തിയപ്പോഴാണ് രാധാകൃഷ്ണനെയും വിമൽ ജോസിനെയും മർദ്ദിച്ചത്. തിരികെ പോകുമ്പോഴാണ് എ.കെ.നിസാറിനുനേരെ ആക്രമണമുണ്ടായത്.
സംഭവത്തിൽ സി.പി.എം നേതാവും വഞ്ചിയൂർ വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ ശങ്കരൻകുട്ടി നായർ (വഞ്ചിയൂർ ബാബു),പാളയം ഏരിയാ കമ്മിറ്റി അംഗം ഷാഹിൻ,അജിത് പ്രസാദ് എന്നിവർക്കെതിരെ റിട്ടേണിംഗ് ഓഫീസർക്കും മ്യൂസിയം പൊലീസിലും പരാതി നൽകി.

