കൊച്ചി : കൂത്താട്ടുകുളത്തെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടുപോയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റ് ചെയ്തു . ചെള്ളക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി മോഹനനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കൂത്താട്ടുകുളത്തെ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വച്ചാണ് ഇയാളെ പിടികൂടിയത്.
എൽഡിഎഫ് ഭരിക്കുന്ന കൂത്താട്ടുകുളത്തെ നഗരസഭയിൽ യുഡിഎഫ് നൽകിയ അവിശ്വാസ പ്രമേയത്തിൻമേലുള്ള ചർച്ചയിൽ പങ്കെടുക്കാൻ എത്തിയ കൗൺസിലർ കലാ രാജുവിനെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയതായി പരാതി ഉയർന്നിരുന്നു.
തന്നെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയെന്നും , അതുകഴിഞ്ഞ്, സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ തന്നെ എത്തിക്കുകയും, പരിക്കുകളോടെ സിപിഎം പ്രവർത്തകർ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെന്ന് ആരോപിച്ച് കലാ രാജു രംഗത്ത് വരികയുണ്ടായി. പൊതുജന മധ്യത്തിലൂടെ തന്നെ കാറിലേക്ക് വലിച്ചെറിയുകയും , കാറിന്റെ ഡോറിനടിയിൽ കുടുങ്ങിയ കാൽ എടുക്കാൻ അനുവദിച്ചില്ലെന്നും കല രാജു പറഞ്ഞു. കൂടാതെ യുഡിഎഫിന് അനുകൂലമായി താൻ വോട്ട് ചെയ്യുമെന്ന് മനസ്സിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാൻ കാരണമെന്നും കല രാജു ആരോപിച്ചു.
സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി, നഗരസഭ ചെയർപേഴ്സൺ , വൈസ് ചെയർമാൻ , പാർട്ടി ലോക്കൽ സെക്രട്ടറി എന്നിവർ അടക്കം 45 പേരെ പ്രതിയാക്കി പോലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.