പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഷാഫി പറമ്പിൽ എംപി. ‘ എം ജില്ലാ സെക്രട്ടറി എന്നെ വ്യക്തിപരമായി അപമാനിച്ചു. ജനങ്ങൾ എല്ലാം വിലയിരുത്തട്ടെ. ഇതാണോ സി.പി.എമ്മിന്റെ രാഷ്ട്രീയം, ‘ ഷാഫി പറമ്പിൽ ചോദിച്ചു.
‘ഒരു ജില്ലാ സെക്രട്ടറിയെ ഇങ്ങനെ സംസാരിക്കാൻ പ്രേരിപ്പിക്കാൻ സി.പി.എം തിരഞ്ഞെടുപ്പിന് തയ്യാറാക്കുന്ന പ്രകടനപത്രിക ഇതാണോ? സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഇതാണോ? അവരുടെ സംസ്ഥാന സെക്രട്ടറിയും മറ്റുള്ളവരും ഇതിന് ഉത്തരം നൽകണം. നല്ലതൊന്നും പറയാനില്ലാത്ത വിധം അധിക്ഷേപകരമായ രീതിയിലാണ് അവർ മുന്നോട്ട് പോകുന്നത്. കുറച്ചുനാളായി അവർ പല കാര്യങ്ങളും കൊണ്ടു വരുന്നു. ആദ്യം ഒരു വർഗീയവാദിയാക്കാൻ ശ്രമിച്ചു. ഇക്കാര്യത്തിൽ നിയമനടപടി പരിഗണിക്കുന്നുണ്ട്,’ ഷാഫി പറമ്പിൽ പറഞ്ഞു.
അതേസമയം, നിയമനടപടിയെ ഭയപ്പെടുന്നില്ലെന്നാണ് ഇ.എൻ. സുരേഷ് ബാബുവിന്റെ പ്രതികരണം.ഷാഫി പറമ്പിലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇ.എൻ. സുരേഷ് ബാബു നേരത്തെ രംഗത്തെത്തിയിരുന്നു. സ്ത്രീ വിഷയത്തിൽ ഷാഫി രാഹുലിന്റെ പ്രധാനാധ്യാപകനാണെന്നും സുന്ദരികളായ സ്ത്രീകളെ ബെംഗളൂരുവിലേക്ക് ക്ഷണിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഷാഫി മാത്രമല്ല കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണ്.അപ്പോൾ അദ്ദേഹം രാഹുലിനെതിരെ എന്തെങ്കിലും പറയുമോ? ബാക്കിയുള്ളവരെല്ലാം ഹെഡ്മാസ്റ്ററെക്കാൾ മുകളിലുള്ള അധ്യാപകരാണ്. അതുകൊണ്ടാണ് എല്ലാവരും മൗനികൾ. സതീശൻ അദ്ദേഹത്തെ പുറത്താക്കി എന്ന് പറയാൻ ഒരു പ്രധാന കാരണമുണ്ട്. അത് ഞങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും സുരേഷ് ബാബു പറഞ്ഞിരുന്നു.

