കൊച്ചി ; സംസ്ഥാന സ്കൂൾ കായികമേളയിലെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങൾക്ക് ഇന്ന് തുടക്കം . ഫുട്ബോൾ, ഹാൻഡ് ബോൾ, ടെന്നീസ് , വോളിബീൾ മത്സരങ്ങളാണ് ഇന്ന് നടക്കുക. പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്കുള്ള ഗെയിംസ് ഇനങ്ങളും ഇന്ന് ആരംഭിക്കും . എട്ട് ദിവസങ്ങൾ നീണ്ടു നിൽക്കുന്ന മേളയിൽ വ്യാഴാഴ്ച്ചയാണ് അത്ലറ്റിക് മത്സരങ്ങൾ ആരംഭിക്കുക .
പ്രധാനവേദിയായ മഹാരാജാസ് കോളേജ് മൈതാനത്തിന് പുറമേ 16 വേദികളിലും മത്സരങ്ങൾ നടക്കും . നീന്തൽ മത്സരങ്ങൾ കോതമംഗകത്തും , ഇൻഡോർ മത്സരങ്ങൾ കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിലും നടക്കും.കളമശേരിയിലും , ടൗൺഹാളിലു മത്സരങ്ങൾ നടക്കും.17 വേദികളിലായി 39 ഇനങ്ങളിലായി 2,400-ഓളം കുട്ടികൾ മാറ്റുരയ്ക്കും.
ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങിൽ പ്രധാന വേദിയായ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മേളയുടെ അംബാസഡർ പിആർ ശ്രീജേഷ് ദീപശിഖ കൊളുത്തി. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി, ഇൻക്ലൂസീവ് കായികതാരം എസ്. ശ്രീലക്ഷ്മി എന്നിവരും ഒപ്പം ചേർന്നും. ഒളിമ്പിക്സ് ഭാഗ്യചിഹ്നത്തിന് സമാനമായി കായികമേളയുടെ ഭാഗ്യചിഹ്നമായ ‘തക്കുടു’ കയ്യിലേന്തിയ ദീപശിഖയ്ക്കാണ് മൂവരും ചേർന്ന അഗ്നി പകർന്നത്. കൗമാരതാരങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.
ഔദ്യോഗിക ഉദ്ഘാടനം വി. ശിവൻകുട്ടിയും സംസ്കാരിക സമ്മേളനം നടൻ മമ്മൂട്ടിയും ഉദ്ഘാടനം ചെയ്തു. 14 ജില്ലകൾ അണിനിരന്ന മാർച്ച്പാസ്റ്റും ആവേശം പകർന്നു. ആദ്യമായി ഇൻക്ലൂസീവ് കായികതാരങ്ങളെ അണിനിരത്തിയുള്ള മാർച്ച് പാസ്റ്റുമുണ്ടായിരുന്നു.