തിരുവനന്തപുരം: ആശ്രിത നിയമന വ്യവസ്ഥകൾ പുതുക്കി സംസ്ഥാന സർക്കാർ. സർക്കാർ സർവീസിലിരിക്കെ മരിക്കുമ്പോൾ 13 വയസ് തികഞ്ഞ മക്കൾക്ക് മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുള്ളൂ . വിധവ/വിഭാര്യൻ , മകൻ, മകൾ, ദത്തുപുത്രൻ, ദത്തുപുത്രി എന്നീ ആശ്രിതർക്ക് മുൻഗണനാ ക്രമം.
ജീവനക്കാരൻ അവിവാഹിതനാണെങ്കിൽ, മുൻഗണനാ ക്രമം അച്ഛൻ, അമ്മ, അവിവാഹിതയായ സഹോദരി, സഹോദരൻ എന്നിങ്ങനെയാകും. മരണസമയത്ത് ജീവനക്കാരൻ വിവാഹമോചനം നേടിയിട്ടുണ്ടെങ്കിലും, മകൻ, മകൾ, ദത്തുമക്കൾ എന്നിവർ അർഹരായിരിക്കും.
സർവീസ് നീട്ടിക്കൊടുക്കൽ വഴിയോ, പുനർനിയമനം വഴിയോ സർവീസിൽ തുടരുന്നതിനിടെയാണ് മരണപ്പെടുന്നതെങ്കിൽ ആ ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മാത്രമല്ല മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകൾ.
മരിച്ചയാൾ പുനർവിവാഹം കഴിച്ചിട്ടുണ്ടെങ്കിലും മുൻ വിവാഹങ്ങളിലെ കുട്ടികൾക്കും അർഹതയുണ്ടാകും. കോളേജ് പ്രിൻസിപ്പൽമാർ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആശ്രിതർക്ക് അർഹതയുണ്ടാകും. എന്നാൽ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശ്രിതർക്ക് ഇത്തരം നിയമനം ഉണ്ടാകില്ല.

