തിരുവനന്തപുരം: ബിജെപി നേതാവും തിരുവനന്തപുരം കോർപ്പറേഷൻ മേയറുമായ വി വി രാജേഷിനെ അഭിനന്ദിക്കാൻ വിളിച്ചെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ . രാജേഷ് മുഖ്യമന്ത്രിയുടെ പേഴ്സണൽ അസിസ്റ്റന്റിനെ വിളിച്ച് സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയോടൊപ്പം അദ്ദേഹം ഇല്ലാത്തതിനാൽ പിന്നീട് ബന്ധപ്പെടാനും അറിയിച്ചു. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
മേയറായി തിരഞ്ഞെടുക്കപ്പെടുമെന്നും നേരിട്ട് കാണാമെന്നും രാജേഷ് മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. തുടർന്ന് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു . എന്നാൽ, ഇത് മുഖ്യമന്ത്രി രാജേഷിനെ അഭിനന്ദിക്കാൻ വിളിച്ചതായി പ്രചരിപ്പിക്കുകയായിരുന്നു . ഇത് വസ്തുതാപരമായി തെറ്റും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു . ഇന്ന് നടന്ന മേയർ തിരഞ്ഞെടുപ്പിൽ 51 വോട്ടുകൾ നേടിയാണ് രാജേഷ് മേയറായത്. ബിജെപിയിൽ നിന്ന് 50 വോട്ടുകളും കണ്ണമ്മൂല കൗൺസിലറും സ്വതന്ത്രനുമായ എം രാധാകൃഷ്ണന്റെ വോട്ടും വി വി രാജേഷിന് ലഭിച്ചു
കൊടുങ്ങാനൂർ വാർഡിൽ നിന്ന് വിജയിച്ച രാജേഷിനെയാണ് പാർട്ടി മേയർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. മുൻ ഡിജിപി ആർ ശ്രീലേഖയുടെ പേരും പരിഗണനയിലായിരുന്നു. എന്നാൽ, രാജേഷിന്റെ രാഷ്ട്രീയ പരിചയം കണക്കിലെടുത്താണ് അദ്ദേഹത്തെ മേയർ സ്ഥാനത്തേക്ക് ശുപാർശ ചെയ്തത്. ആശാ നാഥ് ഡെപ്യൂട്ടി മേയറാണ്.

