തിരുവനന്തപുരം: കള്ളവോട്ട് ആരോപണത്തെ തുടർന്ന് വഞ്ചിയൂരിൽ രാഷ്ട്രീയ പ്രവർത്തകർ തമ്മിൽ സംഘർഷം. സിപിഎം തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് വാർഡിൽ റീപോളിംഗ് നടത്തണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യപ്പെട്ടു.
വഞ്ചിയൂരിലെ ഒന്നാം ബൂത്തിൽ സിപിഎം നൂറിലധികം വ്യാജ വോട്ടുകൾ രേഖപ്പെടുത്തിയതായാണ് ആരോപണം. വഞ്ചിയൂർ സ്വദേശികളല്ലാത്ത ആളുകളെ വോട്ടുചെയ്യാൻ കൂട്ടത്തോടെ കൊണ്ടുവന്നതായി ബിജെപി പ്രവർത്തകർ പറഞ്ഞു. എന്നാൽ ആരോപണം സിപിഎം നിഷേധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകുമെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത് .
റോഡിൽ ഗതാഗതം തടഞ്ഞുകൊണ്ട് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. വഞ്ചിയൂർ വാർഡിൽ ഈ വർഷം സിപിഎമ്മും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി ഒരു വോട്ടിന് പരാജയപ്പെട്ട വാർഡാണ് വഞ്ചിയൂർ. സിപിഎമ്മിന്റെ വിജയം ഉറപ്പാക്കാനാണ് വാർഡ് പുനർനിർണയം നടത്തിയതെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു.

