പത്തനംതിട്ട : അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചും, മർദ്ദിച്ചും കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ. തമിഴ്നാട് രാജപാളയം സ്വദേശി അലക്സ് പാണ്ഡ്യൻ (26) നാണ് കോടതി വധശിക്ഷ വിധിച്ചത് .പത്തനം തിട്ട അഡീഷണൽ സെഷൻസ് കോടതി(ഒന്ന്) ആണ് കേസിൽ വിധി പറഞ്ഞത്.
2021 ഏപ്രിൽ അഞ്ചിന് കുമ്പഴയിലെ വാടകവീട്ടിൽ വച്ചായിരുന്നു കൊലപാതകം .കുഞ്ഞിന്റെ ശരീരത്തിൽ 67 മുറിവുകൾ ഉണ്ടെന്നും , മരണകാരണം നെഞ്ചിനേറ്റ ക്ഷതമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു . കത്തി വച്ച് മുറിവേൽപ്പിച്ചെന്നും ,ലൈംഗികമായി പീഡിപ്പിച്ചെന്നും തെളിഞ്ഞു.രാജപാളയത്ത് താമസിച്ചപ്പോഴും പ്രതി കുട്ടിയെ ഉപദ്രവിച്ചിരുന്നു.
അന്ന് ഏതാനും നാൾ തിരുനൽവേലി ആശുപത്രിയിൽ ചികിത്സയിലായിരുന്നു . അവിടുത്തെ ഡോക്ടറും കേസിൽ സാക്ഷിയായി.പത്തനംതിട്ട ഡി വൈ എസ് പി യായിരുന്ന പ്രദീപ് കുമാറിന്റെ മേൽനോട്ടത്തിൽ അന്നത്തെ എസ് എച്ച് ഒ ബിനീഷ് ലാൽ ആണ് കേസ് അന്വേഷിച്ചത് .കേസിൽ അലക്സ് പാണ്ഡ്യൻ കുറ്റക്കാരാനാണെന്ന് പത്തനം തിട്ട അഡീഷണൽ സെഷൻ കോടതി (ഒന്ന്) ജഡ്ജി എസ് ജയകുമാർ നേരത്തെ കണ്ടെത്തിയിരുന്നു. കൊലപാതകം , ബലാൽസംഗം , ദേഹോപദ്രവം ഏൽപ്പിക്കൽ ഉൾപ്പെടെ പ്രതിയ്ക്കെതിരെ 16 വകുപ്പുകൾ ചുമത്തിയിരുന്നു.