മലപ്പുറം : മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹത്തിന് നീക്കം .സംഭവത്തിൽ വരനും, വരന്റെ വീട്ടുകാർക്കും, പെൺകുട്ടിയുടെ വീട്ടുകാർക്കുമെതിരെ പൊലീസ് കേസെടുത്തു.മലപ്പുറം കാടാമ്പുഴ മാറാക്കര മരവട്ടത്താണ് സംഭവം. 14 വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയുടെ വിവാഹനിശ്ചയമാണ് ഇന്നലെ നടന്നത്.
വരനും , വീട്ടുകാർക്കും പുറമേ വിവാഹനിശ്ചയത്തിൽ പങ്കെടുത്ത പത്ത് പേർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. പെൺകുട്ടിയെ ചൈൽഡ് വെൽഫയർ കമ്മിറ്റി ഏറ്റെടുത്തു. പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത് . തുടർന്ന് കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു. പ്രായപൂർത്തിയായ യുവാവാണ് 14 കാരിയെ വിവാഹം കഴിക്കാനെത്തിയ വരൻ. കേസ് എടുത്തതതായും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.
മുൻപ് ഇത്തരത്തിൽ ശൈശവ വിവാഹം നടത്താൻ നീക്കങ്ങൾ ഉണ്ടാകുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും അടുത്ത കാലത്ത് ഇതാദ്യമാണ് ഇത്തരമൊരു സംഭവം.

