കൊച്ചി ; ചേരാനല്ലൂർ വാഹനാപകടകേസിൽ തുടക്കം മുതൽ വീഴ്ച്ചയെന്ന് കോടതി. കുട്ടികളുടെ കേസുകൾ പരിഗണിക്കേണ്ട കോടതിയ്ക്ക് പകരം അപ്പീൽ സെഷൻസ് കോടതിയിൽ ഫയൽ ചെയ്തത് എന്തിനാണെന്ന് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചു. ജില്ലയിൽ ഇതിന് സമാനമായ മറ്റ് കേസുകൾ നടന്നിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. വിവരം ശേഖരിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. വിവരം ഉടൻ നൽകാനാകുമോയെന്ന് കോടതി ആരാഞ്ഞു.
ഈ ജില്ലയിൽ ഇല്ലെങ്കിൽ അടുത്ത ജില്ലകളിൽ എടുക്കാമെന്നും സമാനമായ കേസിൽ 105 ചുമത്തിയിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ലെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥർ മറുപടി നൽകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. സമാനമായ കേസുകളിൽ കുറ്റകരമായ നരഹത്യ ചുമത്തിയ കേസുകളുടെ രേഖകൾ ഹാജരാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി നിർദേശിച്ചിരിക്കുന്നത്. ഇതൊരു ഫാൻസി ചോദ്യമല്ലെന്നും ഏറെ ഗൗരവകരമായ ചോദ്യമാണെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞു.
എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിച്ചത്. പതിനേഴുകാരനെ ഒബ്സർവേഷൻ ഹോമിലേയ്ക്ക് അയക്കണം എന്നാണ് പൊലീസിന്റെ ആവശ്യം. പതിനേഴുകാരൻ സ്ഥിരമായി നിയമലംഘനം നടത്താറുണ്ടെന്ന് ജയബാലകൃഷ്ണന്റെ കുടുംബം പറഞ്ഞിരുന്നു.

