ന്യൂഡൽഹി : നവംബർ ഒന്നിന് ഇൻഡിയ സഖ്യം നടത്തിയ റാലിയിൽ പങ്കെടുക്കാത്തതിന് 200 ലധികം യൂത്ത് കോൺഗ്രസ് ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ റാലിയിൽ പങ്കെടുക്കാത്തതിന്റെ പേരിലാണ് നടപടി. മധ്യപ്രദേശിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവും പുറത്തായവരിൽ ഉൾപ്പെടുന്നു. ബന്ധുവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടി വന്നതിനാലാണ് റാലിയ്ക്ക് എത്താതിരുന്നതെന്ന് പറഞ്ഞെങ്കിലും അതും പാർട്ടി നേതൃത്വം ചെവിക്കൊണ്ടില്ല.
പ്രവർത്തകർക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടിയെ പറ്റി യൂത്ത് കോൺഗ്രസ് തന്നെയാണ് സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത്. എട്ട് സംസ്ഥാനങ്ങളിലായി 215 ഭാരവാഹികൾക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. സ്വന്തം പാർട്ടി അംഗങ്ങൾ തന്നെ രാഹുലിന്റെ റാലിയിൽ എത്താതിരുന്നതിനെ കുറിച്ചാണിപ്പോൾ ചോദ്യം ഉയരുന്നത് . വിവാഹങ്ങൾ , അസുഖങ്ങൾ , കുടുംബപരമായ മറ്റ് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പലരും റാലിയിൽ പങ്കെടുക്കാതിരുന്നത്. കാരണങ്ങൾ നേരത്തെ അറിയിച്ചവരെ പോലും സസ്പെൻഡ് ചെയ്തുവെന്നും പരാതിയുണ്ട്.
തെരഞ്ഞെടുപ്പ് പട്ടികയിലെ ക്രമക്കേടുകളും , വോട്ട് ചോർച്ചയും ആരോപിച്ചാണ് ഈ മാസം ഒന്നിന് ഇൻഡിയ സഖ്യം രാം ലീല മൈതാനിയിൽ റാലി സംഘടിപ്പിച്ചത് . ‘വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ’ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു റാലി. രാഹുൽ, മല്ലികാർജുൻ ഖാർഗെ , സോണിയ ഗാന്ധി എന്നിവർ പങ്കെടുത്ത റാലി പാർട്ടിയുടെ ശക്തിസമ്മേളനമായാണ് അവതരിക്കപ്പെട്ടത് . റാലിയിൽ പങ്കെടുക്കാനും, കൂടുതൽ ആളുകളെ പങ്കെടുപ്പിക്കാനും യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് നിർദേശം നൽകിയിരുന്നെങ്കിലും അതും നടപ്പായില്ല. സംഘടനാപരമായ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വിവിധ സംസ്ഥാന ഘടകങ്ങളും സസ്പെൻഷൻ ഉത്തരവുകൾ പുറപ്പെടുവിക്കുന്നുണ്ട്.
മധ്യപ്രദേശിൽ 60 പേരെയും , ഗുജറാത്തിൽ 49 പേരെയും , ജാർഖണ്ഡിൽ 32 പേരെയും , ബംഗാളിൽ 26 പേരെയും, ഹിമാചലിൽ 13 പേരെയും, ഉത്തർപ്രദേശ് സെൻട്രലിൽ 11 പേരെയും , ഹരിയാനയിൽ 10 പേരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ദേശീയ നേതൃത്വത്തിന്റെ നിർദേശമനുസരിച്ചാണ് നടപടിയെന്നും, അടുത്ത ഉത്തരവ് ഉണ്ടാകുന്നതു വരെ ഇത് പ്രാബല്യത്തിൽ തുടരുമെന്നും ഉത്തരവിൽ പറയുന്നു.

