ന്യൂഡൽഹി : ഡൽഹി ചാന്ദ്നി ചൗക്ക് മേഖലയിൽ നിർമ്മാണത്തിലിരുന്ന മൂന്ന് നില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് വീണ് രണ്ട് മരണം . ആറ് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് . സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്. ചൗരി ബസാർ മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം. അഗ്നിശമനസേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
രാവിലെ പത്തേകാലോടേയാണ് അപകടം . വലിയ ശബ്ദത്തോടെ കെട്ടിടം നിലം പൊത്തുന്നത് കണ്ട ഞെട്ടലിലാണ് പ്രദേശവാസികൾ. ‘ വലിയ ശബ്ദത്തോടെ എന്തോ തകരുന്നത് കേട്ട് ഞങ്ങൾ പുറത്തേയ്ക്ക് ഓടി. ഞങ്ങളുടെ വീടാണ് തകരുന്നതെന്ന് ആദ്യം കരുതി. എന്നാൽ നിർമ്മാണത്തിലിരുന്ന അയൽകെട്ടിടമാണ് തകരുന്നതെന്ന് പിന്നീട് മനസിലായി. മൂന്നോ നാലോ നിലകളിലെ ബീമുകൾ വാർത്തിരുന്നു, അവയെല്ലാം ഒരുമിച്ച് തകർന്നു വീഴുകയായിരുന്നു.
മൂന്നോ, നാലോ തൊഴിലാളികൾ അവിടെ ഉണ്ടായിരുന്നതായി പരിക്കേറ്റ തൊഴിലാളി ഞങ്ങളോട് പറഞ്ഞു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരു മൃതദേഹം പുറത്തെടുക്കുന്നതും ഞങ്ങൾ കണ്ടു. മൂന്നോ നാലോ മാസമായി ഇവിടെ നിർമ്മാണം നടക്കുന്നുണ്ട്. “ ദൃക്സാക്ഷികളിലൊരാൾ പറഞ്ഞു. കെട്ടിടം തകർന്ന ഇടവഴിക്ക് നാല് അടിയിൽ താഴെ മാത്രമേ വീതിയുള്ളൂ . അതുകൊണ്ട് തന്നെ രക്ഷാപ്രവർത്തനവും ദുഷ്കരമാണ്.
ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഡൽഹിയിലെ സത്യ നികേതനിൽ ഏഴ് പേരുടെ മരണത്തിനിടയാക്കി പിജി സെന്ററായിരുന്ന കെട്ടിടം തകർന്നു വീണത് . അതിനു ശേഷം പൊതു ഉപയോഗത്തിനായി ഉപയോഗിക്കുന്ന ഏതൊരു കെട്ടിടവും ആനുകാലികമായി ഓഡിറ്റിനും സുരക്ഷാ സർട്ടിഫിക്കേഷനും വിധേയമാക്കണമെന്ന് മുനിസിപ്പൽ കോർപ്പറേഷനുമായി സഹകരിച്ച് സർക്കാർ നിയമം പാസാക്കാൻ തീരുമാനിച്ചിരുന്നു.

