പാലക്കാട് : നെന്മാറ സജിത കൊലക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷയും 3.25 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. എല്ലാ ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാൽ മതി. അതേസമയം ഇത് അപൂർവമായ കേസല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതി കുറ്റകൃത്യം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും , സ്വഭാവം മാറ്റി നല്ലവനാകുമെന്ന് പ്രതീക്ഷയില്ലെന്നും കോടതി നിരീക്ഷിച്ചു. ചെന്താമര പിഴ അടയ്ക്കുമെന്ന് കോടതി പ്രതീക്ഷിക്കുന്നില്ല. ജാമ്യം അനുവദിക്കേണ്ട സാഹചര്യം ഉണ്ടായാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു.ശിക്ഷ കേട്ടപ്പോൾ ചെന്താമര വികാരഭരിതനായി. വിധിയിൽ സന്തോഷമുണ്ടെന്ന് നെന്മാറ എംഎൽഎ കെ. ബാബു പ്രതികരിച്ചു.
ചെന്താമരയ്ക്ക് ഒരു പ്രത്യേക തരം മാനസികാവസ്ഥയുണ്ടെന്നും ഈ വിധി പ്രതീക്ഷിച്ചിരുന്നുവെന്നും കെ. ബാബു കൂട്ടിച്ചേർത്തു. പ്രതിക്ക് പരോൾ പോലും അനുവദിക്കരുതെന്നും വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സജിത കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര രണ്ട് പേരെ കൂടി കൊലപ്പെടുത്തിയതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, ഇരട്ടക്കൊലപാതകം ഈ കേസുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് പ്രതിഭാഗം വാദിച്ചു.
2019-ൽ സജിതയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലാകുന്നതിന് മുമ്പ്, തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ പല്ലടം പോലീസ് സ്റ്റേഷന് സമീപം ഒരു കുട്ടിയ്ക്ക് നേരെ ട്രക്ക് ഇടിച്ചുകയറ്റിയതിന് ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിരുന്നു.സജിത കൊലക്കേസിൽ റിമാന്ഡിലായിരുന്ന ചെന്താമര ജാമ്യത്തിലിറങ്ങിയശേഷം നടത്തിയ ഇരട്ടക്കൊലപാതകം കേരളത്തെ ഞെട്ടിച്ചിരുന്നു. 2019 ഓഗസ്റ്റ് 31നാണ് അയൽവാസിയായിരുന്ന നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ സജിതയെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നത്. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി സജിത ആണെന്ന് സംശയിച്ചായിരുന്നു കൊലപാതകം.
2019 ഓഗസ്റ്റ് 31 ന് നെന്മാറയിലെ പോത്തുണ്ടിയിലെ തന്റെ അയൽവാസിയായ സജിതയുടെ വീട്ടിൽ കയറി ചെന്താമര എന്ന ചെന്താമരാക്ഷൻ വെട്ടിക്കൊന്നു. ചെന്താമര വളരെ അന്ധവിശ്വാസിയായിരുന്നു. നീണ്ട മുടിയുള്ള ഒരു സ്ത്രീയാണ് തന്റെ ഭാര്യയെ തന്നിൽ നിന്ന് അകറ്റാൻ കാരണമെന്ന് ഒരു ജ്യോതിഷി അദ്ദേഹത്തോട് പറഞ്ഞിരുന്നു. അതിനാൽ, സജിതയെ സംശയിച്ച് അയാൾ വെട്ടിക്കൊന്നു. സാഹചര്യ തെളിവുകളും ഭാര്യയുടേതുൾപ്പെടെ അമ്പത് സാക്ഷികളുടെ മൊഴികളും കേസിൽ നിർണായകമായി.

