തിരുവനന്തപുരം : മന്ത്രി പി. രാജീവിന് അമേരിക്കയിലേക്ക് പോകാനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ . മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ഉച്ചകോടിയിൽ പങ്കെടുക്കാൻ മന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ ഒരു മന്ത്രി പങ്കെടുക്കാൻ പര്യാപ്തമായ പരിപാടിയല്ല ഇതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ .
ബെയ്റൂട്ടിൽ മോർ ഗ്രിഗോറിയോസ് ജോസഫിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം യുഎസിലേക്ക് പറക്കാനായിരുന്നു രാജീവിന്റെ പദ്ധതി .മന്ത്രിയെ കൂടാതെ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും ഉൾപ്പെടെ കേരള സർക്കാരിന്റെ നാല് പ്രതിനിധികളും യുഎസ് യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.