കൊല്ലം : ടീപ്പോയുടെ ഗ്ലാസ് പൊട്ടി ഗുരുതരമായി പരിക്കേറ്റ അഞ്ച് വയസ്സുകാരൻ മരിച്ചു. കൊല്ലത്തെ കുണ്ടറയിലാണ് ദാരുണമായ സംഭവം. സുനീഷിന്റെയും റൂബിയുടെയും ഇളയ മകൻ ഏദനാണ് മരിച്ചത്. ഇന്നലെയുണ്ടായ അപകടത്തിൽ പരിക്കേറ്റ കുട്ടി ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ടീപ്പോയുടെ മുകളിൽ കയറി കളിക്കുന്നതിനിടെ ചില്ല് പൊട്ടി കാലിൽ തറയ്ക്കുകയായിരുന്നു.
ഇന്നലെ വൈകുന്നേരം ഏദനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. മൂത്ത കുട്ടിയെ ട്യൂഷന് കൊണ്ടുപോകാനായി പിതാവ് പുറത്ത് പോയിരിക്കുകയായിരുന്നു. . ഏദനെ വീട്ടിലെ ഹാളിൽ ഇരുത്തിയ ശേഷമാണ് അമ്മ റൂബി കുളിക്കാൻ പോയത്. കുളി കഴിഞ്ഞ് വന്നപ്പോഴാണ് രക്തം വാർന്ന് അബോധാവസ്ഥയിലായ ഏദനെ കണ്ടത്. അയൽക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്തം വാർന്ന നിലയിൽ ആ കുട്ടി അവശനായിരുന്നു. ഗ്ലാസ് കഷ്ണങ്ങൾ കാലുകളിലും തുടകളിലും തുളച്ചുകയറിയിരുന്നു.
ഉടൻതന്നെ താലൂക്ക് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ചികിത്സയിൽ ഇരിക്കെ രാത്രിയായിരുന്നു മരണം. ഇടത് കാലിൻ്റെ മുട്ടിനു പിന്നിലെ ഞരമ്പ് മുറിഞ്ഞതാണ് രക്തം വളരെ വേഗം വാർന്ന് പോകാൻ കാരണം.

