കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് അറക്കൽ ഹൗസിലെ നൗഷാദിന്റെയും ഷെമീമയുടെയും മകൻ മുഹമ്മദ് ബിലാലിന്റെ (13) മൃതദേഹമാണ് കണ്ടെത്തിയത്. കൊതുമുക്ക് പാലത്തിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. വെൽഫെയർ യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ബിലാൽ. കളിക്കാനായി കൂട്ടുകാർക്കൊപ്പം പോയതായിരുന്നു ബിലാൽ. സന്ധ്യ കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ തിരഞ്ഞിറങ്ങി.
കന്നേറ്റി കായലിന്റെ തീരത്ത് നിന്ന് കുട്ടിയുടെ സൈക്കിൾ, ചെരിപ്പുകൾ, വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തിരുന്നു . തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി കുട്ടിക്കായി ഫയർഫോഴ്സും നാട്ടുകാരും എൻഡിആർഎഫ് സംഘവും സംയുക്തമായി തിരച്ചിൽ നടത്തി. ഇതിനിടയിലാണ് കൊതുമുക്ക് പാലത്തിനടിയിൽ നിന്ന് തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെടുത്തത്.

