ന്യൂഡൽഹി ; പാറ്റാ പാർട്ടി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാംങ്ക, സൗരവ് ദാസ് എന്നിവരെ കോടതി വിട്ടയച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. നിയമസഹായത്തിനായി അഭിഭാഷകരുടെ സംഘം കാന്റ് പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. ഇന്നലെ ഗുരുഗ്രാമിലെ വീട്ടിൽനിന്ന് അറസ്റ്റു ചെയ്ത ഇൻഫ്ലുവൻസർ ധ്രുവ് റാഠിയെയും പൊലീസ് വിട്ടയച്ചു.
മൂന്ന് നേതാക്കൾക്കെതിരെ ഐപിസി സെക്ഷൻ 126 (സമാധാനം തടസ്സപ്പെടുത്തൽ), 170 എന്നിവ പ്രകാരം കുറ്റം ചുമത്തി. 50,000 രൂപയുടെ ബോണ്ടും, ഒരു വർഷത്തേക്ക് സമാധാനം തകർക്കരുതെന്ന വ്യവസ്ഥയിലുമാണ് അവരെ വിട്ടയച്ചത്. ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശനിയാഴ്ച മുംബൈയിൽ നിന്ന് മൂന്ന് പേരും ഡൽഹിയിലെത്തിയിരുന്നു. എന്നാൽ, ഡൽഹി പോലീസ് അവരെ വിമാനത്താവളത്തിൽ തന്നെ കസ്റ്റഡിയിലെടുത്തു . മൂന്ന് നേതാക്കളെയും കരുതൽ തടങ്കലിൽ വച്ചു.
ശനിയാഴ്ച, ജന്തർ മന്തറിന് ചുറ്റും കർശനമായ പോലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു, പ്രതിഷേധക്കാർ സ്ഥലത്തേക്ക് എത്തുന്നത് തടഞ്ഞു. സ്ഥലത്തേക്ക് എത്താൻ ശ്രമിക്കുന്നവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലത്തെ നിർബന്ധിത പ്രതിഷേധ ശ്രമവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് 20 ലധികം എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. ക്രമസമാധാനം തകർക്കുക , സർക്കാർ ജോലി തടസ്സപ്പെടുത്തുക, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം, ഇന്നും പാറ്റാ പാർട്ടിയും എഐഎസ്എയും ജന്തർ മന്തറിൽ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ, ജന്തർ മന്തറിലും പരിസരത്തും കർശന സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

