ഷാർജ ; അൽ നഹ്ദയിലെ ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും, കുഞ്ഞിന്റെയും മൃതദേഹങ്ങൾ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ ഷൈലജ ഷാർജയിലെത്തി. ബന്ധുവിനൊപ്പമാണ് അവർ ഷാർജയിലെത്തിയത് . മകളുടെയും പേരക്കുട്ടിയുടെയും മൃതദേഹങ്ങൾ വീട്ടിലേക്ക് കൊണ്ടുപോകാൻ അനുമതി നൽകണമെന്ന് അവർ അധികൃതരോട് അഭ്യർത്ഥിക്കും. കാനഡയിലുള്ള വിപഞ്ചികയുടെ സഹോദരൻ വിനോദ് ഇന്ന് രാത്രി ഷാർജയിൽ എത്തും. ഭർത്താവ് നിധീഷിനെതിരെ ഷാർജയിൽ പരാതി നൽകാനും വിപഞ്ചികയുടെ കുടുംബത്തിന് പദ്ധതിയുണ്ട് . ബന്ധുക്കൾ ഇന്ത്യൻ കോൺസുലേറ്റ് അധികൃതരുമായും സംസാരിക്കും.
അതേസമയം, കുണ്ടറ പോലീസ് നിധീഷിനും കുടുംബത്തിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു . അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കേസിൽ വിപഞ്ചികയുടെ ഭർത്താവ് നിധീഷ്, സഹോദരി നീതു, അവരുടെ അച്ഛൻ മോഹനൻ എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കി ചേർത്തിട്ടുണ്ട്. ഷൈലജയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
വിപഞ്ചിക (33) യെയും മകൾ വൈഭവിയെയും കഴിഞ്ഞ ചൊവ്വാഴ്ച ഷാർജയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു . എംബിഎ ബിരുദധാരിയായ വിപഞ്ചിക ഷാർജയിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ മാനേജരായിരുന്നു. 2020 നവംബറിൽ കോട്ടയത്തുള്ള നിധീഷിനെ വിപഞ്ചിക വിവാഹം കഴിച്ചു. വിവാഹശേഷം ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം ഷാർജയിലായിരുന്നു താമസം. ആദ്യ ദിവസം മുതൽ തന്നെ കടുത്ത പീഡനത്തിനും അപമാനത്തിനും വിധേയയായതായി വിപഞ്ചിക ആറ് പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്നു.
ഷാർജയിൽ നടന്ന കുറ്റകൃത്യത്തിൽ ഫലപ്രദമായ അന്വേഷണം വേണമെന്നാണ് വിപഞ്ചികയുടെ കുടുംബം ആവശ്യപ്പെടുന്നത് . ഷാർജയിലെ പരിശോധനകളിൽ കുടുംബാംഗങ്ങൾ വിശ്വാസമില്ലെന്നും , നാട്ടിലേക്ക് കൊണ്ടുവന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താൻ ശ്രമിക്കുമെന്നും വീട്ടുകാർ പറഞ്ഞിരുന്നു . തന്റെ ഭർതൃവീട്ടുകാർക്കെതിരെ വിപഞ്ചിക പങ്കിട്ട ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായെന്നും പരാതിയിൽ ആരോപിക്കുന്നു. മരണശേഷം കാണാതായ അവരുടെ ഫോണും ലാപ്ടോപ്പും എവിടെയെന്ന് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

