തൃശൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് വീഡിയോ പകർത്തിയ സംഭവത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. ഹൈക്കോടതി ഉത്തരവിൻ്റെ ലംഘനമാണ് നടപടിയെന്ന് കാണിച്ച് കെപിസിസി മീഡിയ പാനലിസ്റ്റ് വിആർ അനൂപ് നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി.
രാജീവ് ചന്ദ്രശേഖർ തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ക്ഷേത്രത്തിലെ നടപ്പന്തലിൽ നിന്നും ദീപസ്തംഭത്തിന് മുമ്പിൽ നിന്നും (വിളക്ക് തൂണിൽ) നിന്നുമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യുകയും പോസ്റ്റ് ചെയ്യുകയും ചെയ്തു. മുൻ ഹൈക്കോടതി വിധി പ്രകാരം വിവാഹങ്ങൾക്കും മതപരമായ ചടങ്ങുകൾക്കും മാത്രമാണ് നിലവിൽ നടപ്പന്തലിൽ വീഡിയോ റെക്കോർഡിംഗ് അനുവദിച്ചിരിക്കുന്നത്. ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ മാസം ആദ്യം ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേ നടയിൽ നിന്ന് വീഡിയോ പകർത്തിയതിന് കോഴിക്കോട് സ്വദേശിനി ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തിരുന്നു. ക്ഷേത്രത്തിന് മുന്നിൽ കേക്ക് മുറിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.ഈ സംഭവങ്ങളെത്തുടർന്ന് ഗുരുവായൂർ ക്ഷേത്രഭാരവാഹികൾ പരാതി നൽകിയതോടെ ക്ഷേത്രത്തിലെ വീഡിയോഗ്രഫിക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.

