തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമം 2025 നടപ്പാക്കി മുനമ്പം ഭൂമി തർക്കം പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ഉറപ്പുനൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . മുനമ്പം നിവാസികളുടെ ആശങ്കകൾ പരിഹരിക്കുന്നില്ലെന്ന് അവകാശപ്പെട്ട് യു.ഡി.എഫും സി.പി.എമ്മും നിയമം തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും ലൂർദ് ഫൊറാൻ പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
“നിർഭാഗ്യവശാൽ, ചില പാർട്ടികൾ വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ച് തെറ്റായ വിവരങ്ങളും പ്രചരണങ്ങളും നടത്തി. അത് തടയാൻ സുപ്രീം കോടതിയെ വരെ സമീപിച്ചിട്ടുണ്ട്. മുനമ്പം നിവാസികൾ ഉൾപ്പെടെ രാജ്യത്തെ എല്ലാവർക്കും അറിയാം, തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരാണ് ആത്മാർത്ഥമായി പ്രവർത്തിച്ചതെന്ന് . ആരാണ് ഈ നിയമം കൊണ്ടുവന്നതെന്ന് . 35 വർഷമായി അവരെ മറ്റാരും സഹായിച്ചില്ല,”
കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് ഈസ്റ്റർ ആശംസകൾ നേർന്നാണ് രാജീവ് ചന്ദ്രശേഖർ ലൂർദ് പള്ളിയിലെത്തിയത് .‘ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം എല്ലാ ആഘോഷങ്ങളും പ്രധാനവും വിശുദ്ധവുമാണ്. ഇന്ന് എനിക്ക് പള്ളിയിൽ വരാനും എല്ലാവരിൽ നിന്നും അനുഗ്രഹം തേടാനും അനുഗ്രഹീതമായ ഈസ്റ്ററിന് ആശംസകൾ അർപ്പിക്കാനും അവസരം ലഭിച്ചു.‘ അദ്ദേഹം പറഞ്ഞു.

