പാലക്കാട് : അട്ടപ്പാടിയിൽ യുവതിയെയും, കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രവത് ദാസിനെയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
പ്രതിയുടെ ഗ്രാമത്തിൽതന്നെയുള്ള പ്രോണിത (35) മകൾ ജോഹിത (4 ) എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. പശ്ചിമബംഗാളിലെ അലിപ്വദാർ ഗ്രാമത്തിൽനിന്നാണ് അവിടുത്തെ പോലീസിന്റെ സഹായത്തോടെ എസ്.ഐ. ഹർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
എന്നാൽ, താൻ കൊലപ്പെടുത്തിയ സ്ത്രീ തന്റെ ഭാര്യയല്ലെന്നും രണ്ട് മാസമായി മാത്രമേ യുവതിയെ അറിയൂ എന്നും ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ട് മാസമായി പ്രതി സ്ത്രീയോടൊപ്പം താമസിച്ചിരുന്നു. സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ ചാക്കുകളിൽ പൊതിഞ്ഞ് ഭവാനി നദിയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത് .
കൊലപാതകങ്ങൾ നദിക്ക് സമീപമാണ് നടന്നതെന്ന് പോലീസ് സംശയിക്കുന്നുണ്ട് . പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച്, സ്ത്രീയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റതിനെ തുടർന്നാണ് മരണം . കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് നിഗമനം . മൃതദേഹങ്ങൾ കഷണങ്ങളാക്കി വെട്ടി ചാക്കുകളിൽ നിറച്ച് നദിയിൽ തള്ളുകയായിരുന്നു . ഇരട്ട കൊലപാതകത്തിന് പിന്നിലെ കൃത്യമായ സാഹചര്യവും ലക്ഷ്യവും കണ്ടെത്തുന്നതിനായി ദാസിനെ വിശദമായി ചോദ്യം ചെയ്യുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

