ബെൽഫാസ്റ്റ്: ഏറ്റവും ഉയർന്ന ശിശുമരണ നിരക്കുള്ള രാജ്യമായി വടക്കൻ അയർലൻഡ്. യുകെ സ്റ്റേറ്റ് ഓഫ് ചൈൽഡ് ഹെൽത്തിന്റെ ഈ വർഷത്തെ റിപ്പോർട്ടിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ. യുകെ മേഖലയിലെ തന്നെ ശിശുമരണ നിരക്ക് ഏറ്റവും കൂടിയ രാജ്യമാണ് വടക്കൻ അയർലൻഡ്. ഇത് മേഖലയുടെ കണ്ണുതുറപ്പിക്കുന്നതായിരിക്കണമെന്ന് റിപ്പോർട്ടിന് പിന്നാലെ റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് പ്രതികരിച്ചു.
ശിശുമരണനിരക്ക്, മാനസികാരോഗ്യം, പൊണ്ണത്തടി, രോഗപ്രതിരോധം, ആസ്ത്മ തുടങ്ങിയ 12 കുട്ടികളുടെ ആരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. വടക്കൻ അയർലൻഡിലെ ശിശുമരണ നിരക്ക് 2018 ൽ 1000 ജനനങ്ങളിൽ 4.2 എന്നതായിരുന്നു. എന്നാൽ 2024 ൽ ഇത് 4.5 ആയി ഉയർന്നു. യുകെയിൽ തന്നെ ഏറ്റവും ഉയർന്ന ശിശുമരണ നിരക്കാണ് ഇത്. 2020 മുതൽ എംഎംആർ വാക്സിനേഷൻ ഉപഭോഗം ക്രമാനുഗതമായി കുറഞ്ഞുവരികയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

