ഡബ്ലിൻ: അയർലൻഡിൽ കുട്ടികൾക്കിടയിലെ ദാരിദ്ര്യം കുത്തനെ ഉയരുന്നു. പത്ത് കുട്ടികളിൽ ഒരാൾക്ക് വീതം രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. അയർലൻഡിലെ കുടുംബങ്ങളുടെ ശരാശരി വരുമാനത്തിൽ ശക്തമായ വളർച്ചയുണ്ടായി എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് കുട്ടികൾക്കിടയിലെ ദാരിദ്ര്യം വർധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഇന്നലെ പ്രസിദ്ധീകരിച്ച ഇഎസ്ആർഐയുടെ ഗവേഷണത്തിലെ വിവരങ്ങളാണ് ഇത്. കുടുംബത്തിന്റെ ശരാശരി വരുമാനത്തിൽ ശക്തമായ വളർച്ചയുണ്ടായിട്ടും കുട്ടികളുടെ ദാരിദ്ര്യം വർധിച്ചുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെ രണ്ട് ലക്ഷം കുട്ടികളാണ് ഉള്ളത്. വരുമാനം തുല്യമായി പങ്കിടുന്നില്ലെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. ഭവന ചിലവുൾപ്പെടെ കുട്ടികളുടെ ഈ പ്രതിസന്ധിയ്ക്ക് കാരണമാണ്. 2024 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

