കൊച്ചി : തൃപ്പൂണിത്തുറയിലെ അത്തച്ചമയത്തോടെ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഓണാഘോഷങ്ങൾക്ക് തുടക്കം . രാവിലെ തൃപ്പൂണിത്തുറ ഗവൺമെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടികൾ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. നടൻ ജഗദീഷ് മുഖ്യാതിഥിയായിരുന്നു.മന്ത്രി അനൂപ് ജേക്കബ് അത്തം പതാക ഉയർത്തി.
എംഎൽഎ ദീപക് ജോയ് അധ്യക്ഷത വഹിച്ച പരിപാടിയിൽഎംപിമാരായ ഹൈബി ഈഡൻ, ഫ്രാൻസിസ് ജോർജ്, ജില്ലാ കളക്ടർ ജി പ്രിയങ്ക എന്നിവരും പങ്കെടുത്തു. ജഗദീഷ് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. അത്തച്ചമയ ഘോഷയാത്രയോടനുബന്ധിച്ച് ഇന്ന് വൈകിട്ട് 3 മണിവരെ തൃപ്പൂണിത്തുറ നഗര ഭാഗത്ത് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് . 500 പോലീസ് ഉദ്യോഗസ്ഥരെയും വളണ്ടിയർമാരെയും വിന്യസിച്ചിട്ടുണ്ട്. പാർക്കിംഗ്, ടോയ്ലറ്റുകൾ, വൈദ്യസഹായം എന്നിവയുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തോളം കലാകാരന്മാർ ഘോഷയാത്രയിൽ പങ്കെടുക്കും. കഥകളി, പുലികളി, തെയ്യം, ചെണ്ടമേളം തുടങ്ങിയ പരമ്പരാഗത കലാരൂപങ്ങളും അണിനിരക്കും.

