കൊച്ചി : പോലീസുകാർക്കെതിരെ വെല്ലുവിളിയുമായി ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി . പോലീസിന് കഴിയുമെങ്കിൽ തന്നെ അറസ്റ്റ് ചെയ്യൂവെന്നാണ് അർജുൻ ആയങ്കിയുടെ വെല്ലുവിളി . ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഊന്നുക്കൽ സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഭീഷണിയുമുണ്ട് . കോതമംഗലം ഇൻസ്പെക്ടറെ അർജുൻ ആയങ്കി ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്നത് ഊന്നുക്കൽ സർക്കിൾ ഇൻസ്പെക്ടറാണ്.
ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് കീഴടങ്ങാൻ തീരുമാനിച്ചതായാണ് അർജുൻ ആയങ്കി പറയുന്നത് . എന്നാൽ, പോലീസ് തന്നെ അറസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് ശ്രമിക്കാമെന്നും ജാമ്യം ലഭിച്ചതിനുശേഷം മാത്രമേ വീണ്ടും ഹാജരാകൂ എന്നുമാണ് അർജുൻ ആയങ്കി പറഞ്ഞത് .
‘ കീഴടങ്ങാം , സ്റ്റേഷനിലേയ്ക്ക് വരാം എന്ന് പറഞ്ഞിട്ടും നിനക്ക് എന്നെ അങ്ങ് പിടിച്ചേ മതിയാവൂ എങ്കിൽ നീ എന്നെ വന്ന് പിടിക്ക്. നീ വന്ന് പിടിച്ചിട്ട് ഉണ്ടാക്കിയാൽ മതി. ഏതായാലും ഹൈക്കോടതിയിൽ നിർത്തണം എന്ന് ഞാൻ വിചാരിച്ചതാ . ഞാൻ ഇനി ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ. അതിനു മുൻപ് നിനക്ക് എന്നെ പിടിക്കാൻ പറ്റുമെങ്കിൽ നീ പിടിക്ക്.
എന്നെ മറ്റൊരു കേസിൽ അനാവശ്യമായിട്ട് 21 ദിവസം ജയിലിൽ കിടത്തിയ ആള് നിന്റെ ആളായിരിക്കും. അപ്പോ അവന് കൊടുക്കേണ്ടത് കൊടുത്തിട്ടുമില്ല ഇതുവരെ . അത് സമയമാകുമ്പോൾ ഞാൻ കൊടുക്കും. നിനക്ക് അത്രത്തോളം, അവനോട് ആത്മാർത്ഥത ഉണ്ടായിട്ടാണ് നീ എന്നെ പിടിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കളുടേ ലൊക്കേഷനും എടുത്തിട്ട് അവരുടെ ഒക്കെ പോയി നിൽക്കുന്നതെങ്കിൽ നിന്നെ കൊണ്ട് പിടിക്കാൻ പറ്റുമെങ്കിൽ നീ പിടിക്ക് ‘ എന്നാണ് അർജുൻ ആയങ്കി പറയുന്നത്.
കോതമംഗലം എസ് എച്ച് ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി ഒളിവിലാണ് . കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജിൻ ആയങ്കിക്കെതിരെ ഐ ടി ആക്ട് പ്രകാരം പോലീസ് നേരത്തെ കേസെടുത്തിരുന്നു.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കി അടക്കം ആറ് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വോട്ടെണ്ണല്ലിന് തലേ ദിവസമാണ് തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ ക്രിമിനൽ പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു ഇവരെന്നാണ് പോലീസ് പറയുന്നത്.
എന്നാൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തി ഡാൻസ് ചെയ്ത് വീഡിയോ ഷെയർ ചെയ്തുവെന്നത് മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് അർജുൻ ആയങ്കി പറഞ്ഞത് .ഈ കേസിൽ കോടതിയിൽ നിന്ന് ജാമ്യം നേടിയതിനു പിന്നാലെയായിരുന്നു പോലീസിനെതിരെ അർജുൻ ആയങ്കി ഭീഷണി മുഴക്കിയത്.

