തിരുവനന്തപുരം : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർധിപ്പിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി കേരളം . അണക്കെട്ടിന്റെ ജലനിരപ്പ് ഉയർത്തുമെന്ന് ബജറ്റിൽ വിജയ് സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് കേരളം നിലപാട് അറിയിച്ചിരിക്കുന്നത് .
തമിഴ്നാട് ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ സംസ്ഥാന സർക്കാർ മുതിർന്ന ജലസേചന വകുപ്പ് ഉദ്യോഗസ്ഥരുമായി ഉന്നതതല യോഗം വിളിച്ചുചേർത്തതായും പിന്നീട് മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് ഈ വിഷയത്തിൽ ചർച്ച നടത്തിയതായും ജലവിഭവ മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.
“ഞങ്ങളുടെ നിലപാട് വ്യക്തമാണ്, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വർദ്ധിപ്പിക്കാൻ ഞങ്ങൾ അനുവദിക്കില്ല. മുല്ലപ്പെരിയാറിലെ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ അണക്കെട്ട് നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ നിലപാട്. തമിഴ്നാടിന് വെള്ളവും കേരളത്തിന് സുരക്ഷയും എന്നതാണ് യുഡിഎഫ് സർക്കാരിന്റെ നിലപാട്. ഞങ്ങൾ അത് വീണ്ടും ആവർത്തിക്കുന്നു “ എന്നാണ് മോൻസ് ജോസഫ് പറയുന്നത്.
“മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ പരിശോധിക്കാൻ സുപ്രീം കോടതി നിർദ്ദേശമുണ്ട്. തമിഴ്നാട് ഇതുവരെ അത് ചെയ്തിട്ടില്ല. ബേബി ഡാം ശക്തിപ്പെടുത്തണമെന്ന് സുപ്രീം കോടതിയും ആവശ്യപ്പെട്ടിരുന്നു, പക്ഷേ അക്കാര്യത്തിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല . അതിനപ്പുറം നിരപ്പ് ഉയർത്താൻ ആർക്കും അവകാശമില്ല. സുപ്രീം കോടതി നിർദ്ദേശങ്ങളൊന്നും പാലിച്ചിട്ടില്ലാത്തതിനാൽ, ഇക്കാര്യത്തിൽ ഞങ്ങളുടെ പൂർണ്ണമായ എതിർപ്പ് പ്രകടിപ്പിക്കുന്നു“ എന്നും മോൻസ് ജോസഫ് പറഞ്ഞു.
ജലനിരപ്പ് 142 അടിയിൽ നിലനിർത്താൻ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെങ്കിലും, അതിനപ്പുറം ഒരു വർധനയും അനുവദിച്ചിട്ടില്ലെന്നും മോൻസ് ജോസഫ് ചൂണ്ടിക്കാട്ടി.

