മുംബൈ: ലൈംഗിക പീഡന കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാലിന് 10 വർഷം തടവ് . കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ബോംബെ ഹൈക്കോടതി 2021-ൽ വിചാരണ കോടതി തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കി. വിചാരണ കോടതി വിധിക്കെതിരെ ഗോവ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇരുപക്ഷത്തിന്റെയും വിശദമായ വാദങ്ങൾക്ക് ശേഷമാണ് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജംസന്ദേക്കർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചത്.
കുറ്റവിമുക്തനാക്കിയ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായി. തേജ്പാലിനുവേണ്ടി മുതിർന്ന അഭിഭാഷകൻ അബാദ് പോണ്ട ഹാജരായി. 2013 നവംബറിൽ ഗോവയിൽ നടന്ന ‘തിങ്ക്ഫെസ്റ്റ്’ പരിപാടിക്കിടെ ഹോട്ടൽ ലിഫ്റ്റിനുള്ളിൽ തേജ്പാൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സഹപ്രവർത്തക നൽകിയ പരാതി. കേസിലെ അന്വേഷണം പൂർത്തിയായി 2017 ൽ വിചാരണ ആരംഭിച്ചു. 2021 ൽ കോടതി തരുൺ തേജ്പാലിനെ കുറ്റവിമുക്തനാക്കി.
എന്നാൽ, ഈ വിധിക്കെതിരെ അപ്പീൽ നൽകി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമത്തിന് ഇരയായയാൾ എങ്ങനെ പെരുമാറണമെന്ന് മുൻവിധിയോടെയുള്ള ധാരണകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയുടെ പെരുമാറ്റം വിലയിരുത്തിയത് സെഷൻസ് കോടതിയുടെ ഗുരുതരമായ പിഴവാണെന്ന് സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. അതിജീവനത്തിന്റെ സ്വാഭാവിക പ്രകടനമാകാവുന്ന ഒരു പെരുമാറ്റവും പരാതിക്കാരിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് വിചാരണ കോടതി ഉത്തരവിൽ പറഞ്ഞിരുന്നു. അതിജീവിത എങ്ങനെ പ്രതികരിക്കണമെന്ന് ഒരു മാനദണ്ഡവുമില്ലെന്ന് തുഷാർ മേത്ത വാദിച്ചു.
ഓരോ വ്യക്തിയുടെയും പ്രതികരണങ്ങൾ അവരുടെ വിദ്യാഭ്യാസം, വ്യക്തിത്വം, സാമൂഹിക പശ്ചാത്തലം, സാഹചര്യങ്ങൾ എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുമെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി. കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധിക്ക് ശേഷം, തേജ്പാലിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് തുഷാർ മേത്ത ആവശ്യപ്പെട്ടു. ‘ഇരയ്ക്ക് മകളുടെ പ്രായം മാത്രമേയുള്ളൂ, എന്നിട്ടും അദ്ദേഹം കുറ്റകൃത്യം ചെയ്തു.’
അതിജീവിത വിസമ്മതിച്ചതിനുശേഷവും അദ്ദേഹം മുന്നോട്ട് പോയി. ഒരു പെണ്‍കുട്ടി ‘ഇല്ല’ എന്ന് പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം പാടില്ല എന്ന് തന്നെയാണെന്ന് കോടതി സമൂഹത്തിന് വ്യക്തമായ സന്ദേശം നല്‍കണം,’ എന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

