തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമൺ സ്വദേശിയായ 48 കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം . കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു.സെപ്റ്റംബർ 23 നാണ് രോഗം സ്ഥിരീകരിച്ചത് . ഈ മാസം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മൂന്നാമത്തെ മരണമാണിത്.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങുകയോ നീന്തുകയോ ചെയ്യുന്നവരെയാണ് ഈ രോഗം സാധാരണയായി ബാധിക്കുന്നത്. മൂക്കിനെയും തലച്ചോറിനെയും വേർതിരിക്കുന്ന നേർത്ത സ്തരത്തിലെ ചെറിയ ദ്വാരങ്ങളിലൂടെയോ, കർണപടലത്തിലെ സുഷിരങ്ങളിലൂടെയോ അമീബയ്ക്ക് തലച്ചോറിലേക്ക് പ്രവേശിക്കാൻ കഴിയും. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. . അണുബാധ മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരാറില്ല. രോഗം ബാധിച്ച് അഞ്ച് മുതൽ പത്ത് ദിവസങ്ങൾക്കുള്ളിൽ സാധാരണയായി ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും.

