കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് എൻസെഫലൈറ്റിസ് സ്ഥിരീകരിച്ചു. പത്ത് വയസ്സുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് കുട്ടി. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കോഴിക്കോട് അമീബിക് എൻസെഫലൈറ്റിസ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഓമശ്ശേരി കണിയമ്പുറത്തെ അബ്ദുൾ സിദ്ദിഖിന്റെയും മൈനുനയുടെയും മകൻ മുഹമ്മദ് അഹിൽ ആണ് മരിച്ചത്.
മലപ്പുറം കണ്ണമംഗലം ചേരൂർ കാപ്പിൽ സ്വദേശിയായ കണ്ണേത്തു റംല (52), താമരശ്ശേരി ആനപ്പാറ സ്വദേശിയായ സനൂപിന്റെ മകൾ അനയ എന്നിവർ ഓഗസ്റ്റ് 15 ന് രോഗം ബാധിച്ച് മരണപ്പെട്ടിരുന്നു . രോഗം സ്ഥിരീകരിച്ച അനയയുടെ സഹോദരങ്ങൾ ചികിത്സയിലാണ്. അമീബിക് മസ്തിഷ്ക ജ്വരം സംസ്ഥാനത്ത് വ്യാപിക്കുന്നതിൽ ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കുന്നതിനിടെയാണ് മൂന്ന് മരണങ്ങളും സംഭവിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിലവിൽ 10 പേർ ചികിത്സയിലാണ് . ഇവരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. രോഗബാധിതരായവർക്ക് ശരിയായ ചികിത്സ നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ പറഞ്ഞിരുന്നു.
അതേസമയം, അപൂർവ അമീബിക് എൻസെഫലൈറ്റിസ്, ആസ്പർജില്ലസ് ഫ്ലേവസ് ഫംഗസ് ബ്രെയിൻ അണുബാധ എന്നിവ മൂലം ഗുരുതരാവസ്ഥയിലായിരുന്ന 17 വയസ്സുകാരൻ കഴിഞ്ഞ ദിവസം അപകടനില തരണം ചെയ്തിരുന്നു. വളരെ അപൂർവമായ രണ്ട് മസ്തിഷ്ക അണുബാധകൾ ബാധിച്ച ഒരാൾ ഒരുമിച്ച് അതിജീവിച്ചത് ലോകത്ത് ഇതാദ്യമാണ്.

