കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിലുള്ള ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ . തന്റെ സന്ദർശനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’-ൽ അമിത് ഷാ പങ്ക് വച്ചു . “കേരളത്തിലെ തളിപ്പറമ്പിലുള്ള ശ്രീ രാജരാജേശ്വര ക്ഷേത്രത്തിൽ പൂജ നടത്തി. ഭഗവാൻ ശിവന്റെയും മാതാ പാർവതിയുടെയും കൃപ എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നൽകട്ടെ” എന്ന കുറിപ്പിനൊപ്പമാണ് ചിത്രം പോസ്റ്റ് ചെയ്തത്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയിൽ അമിത് ഷായെ കാണാൻ സ്ത്രീകളും, കുട്ടികളുമടക്കം ജനങ്ങൾ തടിച്ചു കൂടി . ബിജെപി പതാകകൾ വീശി ബിജെപി അനുയായികളും എത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങിയ അമിത് ഷാ ആളുകളെ അഭിവാദ്യം ചെയ്യുകയും, ചിലർക്ക് ഹസ്തദാനം നൽകുകയും ചെയ്ത ശേഷമാണ് കാറിൽ കയറിയത് .
ക്ഷേത്രത്തിലേക്കുള്ള വഴിയുടെ ഇരുവശത്തും റോഡരികിലെ കെട്ടിടങ്ങൾക്ക് മുകളിലും തടിച്ചുകൂടിയ ആളുകൾ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ പുഷ്പവൃഷ്ടി നടത്തി. ക്ഷേത്രം ട്രസ്റ്റിമാർ അദ്ദേഹത്തെ രാജരാജേശ്വര ചിത്രം നൽകിയാണ് സ്വീകരിച്ചത് . പ്രധാന വഴിപാടായ പൊന്നിൻ കുടം നൽകിയാണ് അമിത് ഷാ പ്രാർത്ഥിച്ചത് . ഭരണി നക്ഷത്രത്തിലാണ് പൊന്നിൽ കുടം സമർപ്പിച്ചത് . പട്ടം താലി വഴിപാടും കഴിച്ചു. ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ , ജില്ലാപ്രസിഡന്റ് വിനോദ് കുമാർ എന്നിവരും പൊന്നിൻ കുടം സമർപ്പിച്ചു.
ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. നേരത്തെ പുത്തരിക്കണ്ടം മൈതാനത്ത് ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച അമിത് ഷാ 2026 ലെ തെരഞ്ഞെടുപ്പിൽ സർക്കാർ രൂപീകരണം ലക്ഷ്യമിട്ടാണ് ബിജെപി പ്രവർത്തിക്കുന്നതെന്ന് പറഞ്ഞിരുന്നു. തദ്ദേശതിരഞ്ഞെടുപ്പില്‍ 21,000 വാര്‍ഡുകളില്‍ മത്സരിച്ച് 25 ശതമാനത്തിലേറെ വോട്ട് നേടി ബിജെപി വിജയക്കൊടി പാറിക്കുമെന്നും അദ്ദേഹം പറഞ്ഞു.

