കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും ഷാഫി പറമ്പിൽ എംപിക്കുമെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച എം എ ഷഹനാസിനെ കെപിസിസിയുടെ സാംസ്കാരിക, സാഹിത്യ വിഭാഗത്തിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തു. രാഹുൽ തന്നോട് മോശമായി പെരുമാറിയതായി ഷാഫി പറമ്പിൽ എംപിയോട് പരാതിപ്പെട്ടതായി ഷഹനാസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അവരുടെ വെളിപ്പെടുത്തൽ.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്താക്കിയതായി ഷഹനാസ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത് . ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിന്റെ നിർദ്ദേശപ്രകാരമാണ് ഇതെന്ന് ഷഹനാസ് ആരോപിച്ചു. സ്ത്രീകൾക്ക് അനുകൂലമായി സംസാരിച്ചതിന് തന്റെ സ്ഥാനം നഷ്ടപ്പെട്ടാൽ, അതിൽ സന്തോഷമുണ്ടെന്നും ഉന്നയിച്ച വിഷയങ്ങളിൽ ഉറച്ചുനിൽക്കുമെന്നും അവർ വ്യക്തമാക്കി.
ഷാഫി കള്ളം പറഞ്ഞാൽ തെളിവ് ഹാജരാക്കുമെന്ന് ഷഹനാസ് മുന്നറിയിപ്പ് നൽകിയിരുന്നു. മഹിളാ കോൺഗ്രസിലെ തന്റെ അമ്മയുടെ പ്രായത്തിലുള്ള സ്ത്രീകൾക്ക് പോലും രാഹുലിൽ നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഷഹനാസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. രാഹുലിനെതിരെ പരാതിപ്പെടാത്ത എല്ലാ സ്ത്രീകളുടെയും മൗനത്തിന് ഷാഫി ഉത്തരം നൽകണമെന്നും അവർ പറഞ്ഞു.

