കൊല്ലം ; ചിന്നക്കടയിൽ കോടിയേരി ബാലകൃഷ്ണന്റെ ഫ്ലെക്സ് കീറിയ സംഭവം അബദ്ധം പറ്റിയതാണെന്ന് വിശദീകരിച്ച് അക്ബർ ഷാ. താൻ എസ്എഫ്ഐ, ഡിവൈഎഫ്ഐ മുൻ പ്രവർത്തകനായിരുന്നെന്നും നുഴഞ്ഞു കയറിയതല്ലെന്നും അക്ബർ ഷാ പറഞ്ഞു.
‘‘ഇപ്പോൾ വാർത്തയിലും സോഷ്യൽ മീഡിയയിലും ഞാനാണ് താരം. താരം ആകണമെന്നു വിചാരിച്ചു ചെയ്തതല്ല ഇത് . കോടിയേരിയുടെ ഫ്ലെക്സ് ആണെന്ന് വിചാരിച്ചില്ല. കോൺഗ്രസിന്റെ ഫ്ലെക്സ് ആണെന്നു കരുതിയാണ് കീറിയത്. പാർട്ടിക്കാർ ഞാൻ എസ്എഫ്ഐക്കാരൻ അല്ലെന്നും നുഴഞ്ഞുകയറിയതാണെന്നും പറയുന്നു
അങ്ങനെയല്ല. ഞാൻ എസ്എഫ്ഐ പ്രവർത്തകനായിരുന്നു. മൂന്നു വർഷം മുൻപ് ജോലി കിട്ടി വിദേശത്തേക്ക് പോയതാണ് . ഇപ്പോൾ ലീവിന് വന്നതാണ്. കഴിഞ്ഞ ദിവസം ചിന്നക്കടയിലെ എസ്എഫ്ഐയുടെ പ്രകടനം കണ്ട് അതിനൊപ്പം ചേരുകയായിരുന്നു. അല്ലാതെ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ടതല്ല. പറ്റിയതു തെറ്റാണ്. ദയവു ചെയ്ത് എല്ലാവരും എന്നോടു ക്ഷമിക്കണം’’– അക്ബർ ഷാ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനത്തിൽ ചിന്നക്കടയിൽ സ്ഥാപിച്ച ഫ്ലെക്സ് ആണ് അക്ബർ ഷാ കീറിയത്. എന്നാൽ എസ്എഫ്ഐ മാർച്ചിനിടെ അപ്രതീക്ഷിതമായി ഓടിക്കയറിയ വ്യക്തിയാണ് ഫ്ലെക്സ് തകർത്തതെന്നായിരുന്നു എസ്എഫ്ഐ നൽകിയ വിശദീകരണം.

