ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു.രണ്ട് പോലീസ് സ്റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ്, കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനുകളിലാണ് മൂന്ന് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 223 പ്രകാരമാണ് ഈ കേസുകൾ ഫയൽ ചെയ്തിരിക്കുന്നത്. എഫ്ഐആറുകളിൽ ഒരു വ്യക്തിയെയോ സംഘടനയെയോ പ്രതി ചേർത്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്തതും, പങ്കെടുത്തതുമായ സംഘടനകളെയും സംഘാടകരെയും എഫ്ഐആറുകളിൽ പരാമർശിക്കുന്നുണ്ട്.
പ്രതിഷേധത്തിന് മുമ്പ് ന്യൂഡൽഹിയിൽ ഇന്ത്യൻ സിവിൽ സെക്യൂരിറ്റി കോഡിന്റെ (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. പൊതു സുരക്ഷ, ക്രമസമാധാനം, ഗതാഗത സുരക്ഷ എന്നിവ സംരക്ഷിക്കുന്നതിനാണ് നിരോധനാജ്ഞ ഉത്തരവ് നടപ്പിലാക്കിയതെന്ന് അവർ പറഞ്ഞു.എന്നാൽ പ്രതിഷേധക്കാർ ഈ ഉത്തരവുകൾ ലംഘിച്ചു .
പ്രതിഷേധക്കാർ ജന്തർ മന്തറിൽ എത്തുന്നത് തടയാൻ ഡൽഹിയുടെ പല ഭാഗങ്ങളിലും നടപടികൾ സ്വീകരിച്ചിരുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി . നിലവിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വിദ്യാർത്ഥി സംഘടനകൾ, സിവിൽ സൊസൈറ്റി നേതാക്കൾ എന്നിവരുൾപ്പെടെ ഏകദേശം 1,000 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കസ്റ്റഡിയിലെടുത്തവരിൽ ആം ആദ്മി നേതാവും മുൻ മുഖ്യമന്ത്രിയുമായ അതിഷി , എഐഎസ്എ പ്രസിഡന്റ് നേഹ ബോറ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.

