ന്യൂഡൽഹി ; ദുബായ്-ടെൽ അവീവ് വിമാനത്തിലെ ഭീകരാക്രമണത്തിനിടെ ക്യാപ്റ്റൻ സ്മിത് മച്ചാർ പ്രകടിപ്പിച്ച അസാധാരണമായ ധീരതയെ പ്രശംസിച്ച് ഇന്ത്യൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിംഗ് . പൈലറ്റിന്റെ ശാരീരികവും മാനസികവുമായ ദൃഢനിശ്ചയം വ്യോമയാന മേഖലയിലുള്ള മറ്റുള്ളവർക്ക് പാഠമാണെന്ന് അദ്ദേഹം പറഞ്ഞു.
“അദ്ദേഹം ചെയ്തത് അസാധാരണമായ ധീരതയാണ്. മികച്ച ശാരീരികവും മാനസികവുമായ ദൃഢനിശ്ചയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. അതൊരു പാഠമാണ്. “ വ്യോമസേനാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടത്തിയ വാർഷിക പത്രസമ്മേളനത്തിൽ സംസാരിക്കവേ എയർ ചീഫ് മാർഷൽ എ.പി. സിംഗ് പറഞ്ഞു.
വ്യക്തിപരമായ ധീരത എന്നതിലുപരി വ്യോമയാന വിദഗ്ധർക്ക് ഒരു പാഠം എന്ന നിലയിലാണ് എയർ ചീഫ് മാർഷൽ എ.പി. സിംഗ് ഈ സംഭവത്തെ വിശേഷിപ്പിച്ചത്; അദ്ദേഹത്തിന്റെ ശാരീരികവും മാനസികവുമായ ദൃഢനിശ്ചയത്തെ അദ്ദേഹം പ്രത്യേകം എടുത്തു കാട്ടുകയും ചെയ്തു.
കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് വീഡിയോ കോളിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച മച്ചാർ ആക്രമണ സമയത്തെ കാര്യങ്ങൾ വിവരിച്ചിരുന്നു . പരിക്കേറ്റിട്ടും വിമാനം താഴേക്ക് പതിക്കുകയാണെന്ന് മനസ്സിലാക്കിയ താൻ കോക്ക്പിറ്റ് വാതിലിലെത്താൻ അവസാന ശ്രമം നടത്തിയതായി അദ്ദേഹം പ്രധാനമന്ത്രിയോട് പറഞ്ഞു. 17 വർഷത്തെ പറക്കൽ പരിചയവും അതിൽ 11 വർഷം ക്യാപ്റ്റനായുള്ള സേവനവും, പരിക്കേറ്റ അവസ്ഥയിലും വിമാനത്തിന് എന്ത് സംഭവിക്കുന്നു എന്ന് മനസ്സിലാക്കാൻ തന്നെ സഹായിച്ചുവെന്നും മച്ചാർ പറഞ്ഞു. മച്ഛാറിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും ശാന്തതയെയും പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു.

